ഓണം വാരാഘോഷം ,​ 151 ഫ്ലോട്ടുകളുമായി ഘോഷയാത്ര ഇന്ന്

Monday 12 September 2022 12:04 AM IST

 മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഓണം വാരാഘോഷത്തിന്റെ സമാപന സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 5ന് മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നിശാഗന്ധിയിൽ വൈകിട്ട് 7ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച ഫ്ലോട്ടുകൾക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ നടൻ ആസിഫ് അലിയാണ് മുഖ്യാതിഥി. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ 75 ഫ്ളോട്ടുകളും 10 അയൽസംസ്ഥാന കലാരൂപങ്ങളും 39 കലാപരിപാടികളുമുൾപ്പെടെ 151 ഫ്ളോട്ടുകളാണ് ഇക്കുറി ഘോഷയാത്രയിലുള്ളത്. ഘോഷയാത്രയുടെ മുന്നിൽ മുത്തുക്കുടകളുമായി എൻ.സി.സി കേഡറ്രുകളുണ്ടാകും. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി.വി.ഐ.പി പവലിയനിലാണ് മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. പബ്ളിക് ലൈബ്രറിക്ക് മുന്നിലെ പ്രത്യേക പവലിയനിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡി.കെ. മുരളി എം.എൽ.എ, കോർപ്പറേഷൻ മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും ക്രൈസ്റ്റ് നഗർ, നിർമ്മലാ ഭവൻ സ്‌കൂളുകൾക്ക് പൂർണ അവധിയാണെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ 3 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ പറഞ്ഞു.

 ഗവർണറെ ക്ഷണിച്ചിട്ടില്ല

ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഓണം വാരാഘോഷ കമ്മിറ്റി ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവർണറും ഗവൺമെന്റുമായി വിവാദമൊന്നുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

Advertisement
Advertisement