കണ്ണൂർ മെഡിക്കൽ കോളേജിന് 20 കോടി: മന്ത്രി വീണാ ജോർജ്

Tuesday 13 September 2022 12:46 AM IST

തിരുവനന്തപുരം: കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് 20.01 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും വിവിധ ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.

മെഡിക്കൽ കോളേജിൽ നിലവിലുള്ള ഡോക്ടർമാരേയും നഴ്സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി തുടങ്ങി. ലെവൽ 2 ട്രോമ കെയർ നിർമ്മാണത്തിനുള്ള നടപടികൾ പൂർത്തിയാക്കി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റൽ നിർമ്മാണത്തിന് 50.87 കോടി രൂപ അനുവദിച്ചു.

അനേസ്‌തേഷ്യ വിഭാഗത്തിൽ 10 അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, 7 മൾട്ടിപാരാമീറ്റർ മോണിറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, വീഡിയോ ഇൻട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, 7 ഇലക്ട്രിക്കൽ ഓപ്പറേഷൻ ടേബിൾ, കാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, കാർഡിയാക് ഒ.സി.ടി വിത്ത് എഫ് എഫ് ആർ, ബയോകെമിസ്ട്രി വിഭാഗത്തിൽ ആട്ടോമേറ്റഡ് എലിസ പ്രോസസർ, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ സ്‌പെക്‌ട്രോ ഫോട്ടോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾക്കാണ് തുക അനുവദിച്ചത്.

Advertisement
Advertisement