എഴുത്തുകാരൻ എം. പ്രഭാകരൻ തമ്പി നിര്യാതനായി

Tuesday 13 September 2022 12:25 AM IST

കൊല്ലം: എഴുത്തുകാരനും അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മയ്യനാട് സുമർത്തുവിൽ എം. പ്രഭാകരൻ തമ്പി (87) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐ.ടി.ഐ ഇൻസ്ട്രക്ടറിലൂടെ അദ്ധ്യാപന ജീവിതം ആരംഭിച്ചു. വാളത്തുംഗൽ ഗവ. എച്ച്.എസ്.എസ്, വെള്ളമണൽ എച്ച്.എസ്.എസ്, കാക്കോട്ടുമൂല യു.പി.എസ് തുടങ്ങിയ വിദ്യാലയങ്ങളിൽ 30 വർഷക്കാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് വേൾഡ് സോഷ്യൽ ഫോറം, ഏഷ്യൻ സോഷ്യൽ ഫോറം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. മയ്യനാട് ഒരു ചരിത്ര സമ്പന്ന ഗ്രാമം, യൂക്ലിഡ് ചോദ്യം ചെയ്യപ്പെടുന്നു, സ്മൃതിമാധുര്യം, ലക്ഷദ്വീപിലേക്ക് ഒരു തീർത്ഥയാത്ര, പണിക്കശേരി ഒരു ചരിത്ര സമ്പന്ന കുടുംബം എന്നിവയാണ് പ്രധാന കൃതികൾ. സഹോദരൻ അയ്യപ്പൻ അവാർഡ്, പ്രൊഫ. മുണ്ടശേരി അവാർഡ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ.ജി.ടി.എ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുമം (റിട്ട. അദ്ധ്യാപിക, മയ്യനാട് എച്ച്.എസ്.എസ്), മക്കൾ: സിനീഷ്, സോണി, റാണിയ. മരുമക്കൾ: ശോഭിത, ഡോ.ആഷ അശോകൻ, ഡോ.ബിപിൻ.

Advertisement
Advertisement