മലയാളി വാശിയോടെ ഓണമാഘോഷിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Tuesday 13 September 2022 10:47 AM IST

തിരുവനന്തപുരം. ' ഇത് റിവഞ്ച് ഓണാഘോഷമായിരുന്നു.ലോകത്ത് റിവഞ്ച് ഓണാഘോഷമെന്ന് വിശേഷിപ്പിക്കുന്നത് ആഭ്യന്തര വിനോദസഞ്ചാരികളുടെ തിക്കും തിരക്കുമാണ്. കുറച്ചുകാലമായി കൊവിഡ് എല്ലാത്തിനും തടസം നിന്നിരുന്നു. യാത്ര ചെയ്യാൻ പോലും സാധിച്ചില്ല. അതുകൊണ്ട് ഇത്തവണ ഒരു പ്രതികാര മനോഭാവത്തോടെയാണ് മലയാളി ഓണമാഘോഷിച്ചത്.-ഇത്തവണത്തെ ടൂറിസം വാരാഘോഷം വൻവിജയമായ ആഹ്ളാദത്തിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേരളകൗമുദിയോട് പറഞ്ഞു.

ഇത്തവണ ഓണം ആഘോഷിക്കണമെന്നും തകർപ്പൻ ആകണമെന്നും ഓരോ മലയാളിയും തീരുമാനിച്ചു.അതാണ് റിവഞ്ച് ഓണാഘോഷമെന്ന ഞാൻ വിശേഷിപ്പിച്ചത്. ജനങ്ങളുടെ സന്തോഷം കാണുമ്പോഴാണ് ഒരു സാമൂഹ്യപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുണ്ടാവുക.അതാണ് ഈ ഓണം വേളയിൽ എനിക്ക് അനുഭവപ്പെട്ടത്. രണ്ടുമാസം മുമ്പേ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തോടെ തുടങ്ങിയിരുന്നു.

ആഭ്യന്തര സഞ്ചാരികളുടെ വരവിന്റെകാര്യത്തിൽ വൻകുതിച്ചു കയറ്റമായിരുന്നു. വയനാട്, കാസർകോട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ഈ അഞ്ച് ജില്ലകളിലും എണ്ണത്തിൽ റെക്കോഡായിരുന്നു. ഈ ജില്ലകൾ രൂപീകരിച്ചശേഷമുള്ള സർവ്വകാല റെക്കോഡിലെത്തി.

എറണാകുളവും തിരുവനന്തപുരവും അതിന്റെ മുൻ റെക്കോഡിന്റെ രണ്ടാം സ്ഥാനത്തെത്തി. കേരളം മൊത്തം എടുത്തു പരിശോധിച്ചാൽ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ വരവിന്റെ സർവകാല റെക്കോഡിന്റെ സെക്കൻഡ് പ്ളെയിസിലെത്തി.അടുത്തവർഷം നമ്മൾ ഒന്നാം സ്ഥാനത്തെത്തും.റിയാസ് പറഞ്ഞു. അടുത്ത ഓണ വാരാഘോഷം ലോകശ്രദ്ധയാകർഷിക്കുംവിധമാകും ആസൂത്രണം ചെയ്യുക.

ലോകത്ത് ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളത്തെ ടൈം മാഗസിൻ തിരഞ്ഞെടുത്തത് വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഏറ്റവും സഹായകമായിട്ടുണ്ട്. അവരുടെ റിപ്പോർട്ടിൽ കാരവൻ ടൂറിസത്തെക്കുറിച്ചും കാരവൻ പാർക്കിനെക്കുറിച്ചും സർക്കാർ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും എടുത്തു പറയുകയും ചെയ്തു.ഇതൊന്നും വ്യക്തിപരമായ നേട്ടമായി കാണുന്നില്ല.കളക്ടീവായ നേട്ടമായിട്ടേ കരുതുന്നുള്ളു.വ്യക്തിപരമായി സന്തോഷമുണ്ടെന്നു മാത്രം.

ഡെസ്റ്റിനേഷൻ വെഡ്ഢിംഗിന് നല്ല പ്രതികരണം ലഭിക്കാൻ സാദ്ധ്യതയുണ്ട്.വിവാഹങ്ങൾ ഇപ്പോൾ ആകർഷകമായ സ്ഥലത്ത് നടത്തുന്ന ഒരു പ്രവണതയുണ്ട്.കേരളം ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണ്. ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ആളുകൾ കേരളത്തിൽ വന്ന് വിവാഹം നടത്താൻ താത്പ്പര്യം കാട്ടും. അതിലൂടെ പത്തുപതിനഞ്ച് ദിവസം അവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കേരളത്തിൽ തങ്ങും.അത് നല്ല വരുമാനം നേടിത്തരും. അവർക്ക് ടൂറിസം വകുപ്പ് എല്ലാ സഹകരണവും ഒരുക്കിക്കൊടുക്കും.

മണിരത്നവും റഹ്മാനും വരും.ബേക്കലിൽ ഉയിരേ എന്ന ഗാനം പുനർജ്ജനിക്കും.സിനിമ ടൂറിസം പ്രെമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ ചിത്രീകരിച്ച മണിരത്നത്തിന്റെ ബോംബെയിലെ ഉയിരെ എന്ന ഗാനം ബേക്കലിൽത്തന്നെ പുനരാവിഷ്ക്കരിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നു. സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ ,ചിത്രത്തിലെ നായകൻ അരവിന്ദ് സ്വാമി, നായിക മനീഷ കൊയ് രാള എന്നിവരടക്കമുള്ളവരെ അണിനിരത്തി സിനിമയുടെ പശ്ചാത്തല സംഗീതം ഉൾപ്പെടുത്തിയുള്ള സംഗീത നൃത്തപരിപാടിയാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് മണിരത്നവുമായി പ്രാരംഭ ചർച്ച നടത്തിയതായി മന്ത്രി റിയാസ് പറഞ്ഞു.

ബേക്കലിലെ ടൂറിസം പദ്ധതികൾക്ക് പ്രചാരം നൽകാൻ ഇത് ഉപകരിക്കും. കേരളത്തിൽ സിനിമ ചിത്രീകരണം സജീവമാക്കാൻ മികച്ച ലൊക്കേഷനുകളാണുള്ളത്.സിനിമ ടൂറിസത്തിലൂടെ ഇവ പ്രയോജനപ്പെടുത്തും.കിരീടം എന്ന ചിത്രത്തിലെ കിരീടം പാലം, വെള്ളാനകളുടെ നാട്ടിലെ താമരശേരി ചുരം... ഇങ്ങനെ നമ്മുടെ സിനിമകളിലെ ടൂറിസം സ്പോട്ടുകൾ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

കോവളം ഇന്ത്യയിലാണോ കേരളത്തിലാണോയെന്ന് സംശയിക്കുന്ന വിദേശ വിനോദസഞ്ചാരികളുണ്ട്. അവർക്ക് കോവളം അത്രയ്ക്കിഷ്ടമാണ്. എന്നാൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലെന്ന പരാതിയുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം സർക്കാർ തുടങ്ങിയിട്ടുണ്ട് .കിഫ്ബിയുടെ സഹായത്തോടെ കോവളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി ഒരു വർഷത്തിനകം പ്രാവർത്തികമാകുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement