ലോട്ടറി എടുക്കുന്നവർക്ക് മാത്രമല്ല ഓണത്തിന് ശരിക്കും ബമ്പർ അടിച്ചത് ഇവർക്കാണ്, ഇരട്ടി കാശുമായി എത്തുന്നവർക്കും നിരാശ ഫലം

Tuesday 13 September 2022 11:40 AM IST

ആലപ്പുഴ: പഴയ പ്രൗഢി​യി​ൽ ഓണം തി​രി​ച്ചെത്തി​ മടങ്ങി​യി​ട്ടും മെഷീനി​ൽ നി​ന്ന് കാലെടുക്കാൻ സമയം കി​ട്ടാത്തത്ര തി​രക്കി​ലാണ് തയ്യൽ തൊഴി​ലാളി​കൾ. കൊവി​ഡ്കാലത്ത് തകർന്നു തരി​പ്പണമായ തയ്യൽക്കാർക്ക് ബമ്പറടി​ച്ച അനുഭവമായി​രുന്നു ഇത്തവണത്തെ ഓണം.

തിരുവോണ ദിവസം അണിയാനുള്ള പല വസ്ത്രങ്ങളും തയ്യാറാക്കി നൽകിയത് ഉറക്കമി​ളച്ചാണെന്ന് തയ്യൽക്കാർ പറയുന്നു. ബോണസും ശമ്പളവുമെല്ലാം കിട്ടിയതനുസരിച്ചാണ് എല്ലാവരും തുണികളുമായി എത്തിയത്. ഓർഡറുകൾ ഒരേപോലെ വന്നതോടെ നിന്നു തിരിയാൻ നേരമില്ലാത്ത അവസ്ഥയായി. പല തയ്യൽ കേന്ദ്രങ്ങളിലും ഓണത്തയ്യലിന് വേണ്ടി താത്കാലി​ക 'നിയമനം' വരെ നടത്തി. ചിങ്ങത്തിലെ കല്യാണങ്ങളുടെ ഓർഡറുകൾ കൂടി വരുന്നതിനാൽ തിരക്കിനിടയിലും സന്തോഷം അലയടിക്കുകയാണെന്ന് തയ്യൽക്കാർ പറയുന്നു.

പഫ് സ്ലീവ്, വൈഡ് നെക്ക്, സ്ലീവ് ലെസ് തുടങ്ങി വിവിധ ഡിസൈനുകളിൽ ബ്ലൗസുകൾ തയ്ക്കാനാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ. വലിയ ഇടവേളയ്ക്ക് ശേഷം പട്ടുപാവാടകൾക്കും മികച്ച ഓർഡർ ലഭിച്ചു. കല്യാണ സീസണിനൊപ്പം, ഓണപ്പരിപാടികൾ ഇത്തവണ വിപുലമായി നടന്നതാണ് തയ്യൽ മേഖല ഇത്രകണ്ട് ഉണരാൻ കാരണം. കടകൾ കേന്ദ്രീകരിച്ച് തയ്ക്കുന്നവർക്ക് മാത്രമല്ല, വീടുകളിൽ ചെറുകിട തയ്യൽ ജോലികൾ ചെയ്തു കൊടുത്തിരുന്ന വീട്ടമ്മമാർക്കും ഇത് ചാകരക്കാലമായിരുന്നു.

കടനിറയെ ഓർഡർ

അളവനുസരിച്ച് തയ്പ്പിച്ചെടുക്കുന്ന ബ്ലൗസ് പോലെ തന്നെ റെഡിമെയ്ഡ് ബ്ലൗസിനും ആവശ്യക്കാരുണ്ട്. ഫ്രീ സൈസിൽ ബ്ലൗസുകൾ തയ്ക്കുന്നതിനുള്ള ഓർഡറുകൾ തുണിക്കടകളിൽ നിന്ന് തയ്യൽക്കാരെ തേടി നേരത്തേതന്നെ എത്തിയിരുന്നു. തുണിയെടുത്ത് തയ്യൽക്കടകളിൽ നൽകി ബ്ലൗസിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാമെന്നതിനാൽ കോളേജുകളിലെ ആഘോഷങ്ങൾക്ക് വേണ്ടി വിദ്യാർത്ഥിനികളടക്കം കടകളിൽ പ്രധാനമായും ആശ്രയിച്ചത് തയ്യൽക്കടക്കാർ തയ്ച്ചുകൊടുത്ത ബ്ലൗസുകളെയാണ്. ചിങ്ങം അവസാനിക്കാൻ ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നതെങ്കിലും വിവാഹങ്ങൾക്കുള്ള തയ്യൽ ഓർഡറുകൾ ഇപ്പോഴും കടകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.