സർക്കാരിന് കെ.എസ്.ഐ.ഡി.സി ₹1.75 കോടി ലാഭവിഹിതം നൽകി
തിരുവനന്തപുരം: സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) സംസ്‌ഥാന സർക്കാരിന് 2017-18ലെ ലാഭവിഹിതമായി 1.75 കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ ഡോ.ഷർമ്മിള മേരി ജോസഫ് ചെക്ക് കൈമാറി. മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 25 വർഷമായി തുടർച്ചയായി ലാഭമുണ്ടാക്കുന്ന കെ.എസ്.ഐ.ഡി.സി, 2017-18ൽ 33.61 കോടി രൂപയുടെ ലാഭമാണ് നേടിയത്. ടേം ലോൺ സഹായമായി ആ വർഷം 155.31 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി നൽകി. ഇതുവഴി 1,200 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്‌ഥാനത്തെ 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്" പദ്ധതിയുടെ നോഡൽ ഏജൻസിയാണ് കെ.എസ്.ഐ.ഡി.സി. ശബരിമല വിമാനത്താവളം, ലൈഫ് സയൻസ് പാർക്ക്, ലൈറ്ര് എൻജിനിയറിംഗ് ഇൻഡസ്‌ട്രിയൽ പാർക്ക്, ഇലക്‌ട്രോണിക് പാർക്ക്, മെഗാ ഫുഡ് പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളുടെയും നോഡൽ ഏജൻസിയാണ് കെ.എസ്.ഐ.ഡി.സി.