ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു, ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ

Wednesday 14 September 2022 12:00 AM IST

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വില്പന കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പല സ്റ്റേഷനുകളിലും കൊവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും കൗണ്ടറുകളില്ല.

നിലവിൽ ടിക്കറ്റ് റിസർവേഷനിൽ 70 ശതമാനത്തിലേറെയും നടക്കുന്നത് ഒാൺലൈനായാണെങ്കിലും അൺ റിസർവ്ഡ് വിഭാഗത്തിൽ ഇത് 25ശതമാനം പോലും എത്തിയിട്ടില്ല. എന്നിട്ടും കൗണ്ടറുകളുടെ എണ്ണം കുറച്ചതാണ് പ്രതിസന്ധിയിലാക്കിയത്. ഏറെ തിരക്കുള്ള ഒാണക്കാലത്തും കൂടുതൽ കൗണ്ടറുകൾ തുറക്കാത്തത് വൻതിരക്കിനും യാത്രക്കാരുടെ പ്രതിഷേധത്തിനുമിടയാക്കി.

റെയിൽവേ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി കൗണ്ടറുകൾ കുറയ്ക്കാനും ഒാൺലൈൻ, ഡിജിറ്റൽ ടിക്കറ്റ് വിതരണത്തിന് പ്രോത്സാഹനം നൽകാനുമായി പാർലമെന്റ് സമിതി ശുപാർശ പ്രകാരം സോണുകൾ അൺ റിസർവ്ഡ് ടിക്കറ്റ് റിസർവേഷന് പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് കൗണ്ടറുകളുടെ എണ്ണം കുറച്ചതെന്നാണ് സൂചന.

കൗണ്ടറുകളുടെ എണ്ണം കുറച്ചത് ഒരുതരത്തിലും യാത്രക്കാർക്ക് പ്രതിസന്ധിയായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.സീസൺ ടിക്കറ്റ് ഉൾപ്പെടെ മൊബൈൽ ആപ്പുവഴി എടുക്കാൻ സംവിധാനമുണ്ട്. ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായാണ് കൗണ്ടറുകൾ ഒരുക്കുന്നതെന്നും അറിയിച്ചു.

നിലവിലെ ടിക്കറ്റ്

കൗണ്ടറുകൾ

(കൊവിഡിന് മുൻപത്തേത് ബ്രാക്കറ്റിൽ,

തിരു. ഡിവിഷനിലെ പ്രധാന സ്റ്റേഷനുകൾ)

തിരു.സെൻട്രൽ: 14 (25)

കൊല്ലം: 11 (24)

കോട്ടയം: 8 (15)

എറണാകുളം ജംഗ്ഷൻ: 16 (25)

എറണാകുളം ടൗൺ: 10 (17)

ആലുവ: 11 (17)

തൃശൂർ: 15 (20)