ബഹിരാകാശവാരം: സംസ്ഥാനതലമത്സരത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങി

Wednesday 14 September 2022 12:31 AM IST
space

കോഴിക്കോട് : ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കുൾ വിദ്യാർത്ഥികൾക്കായി ബഹിരാകാശശാസ്ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.എൽ. സ്‌പേസ് ക്ലബാണ് പരിപാടിയുടെ സംഘാടകർ. യു.എൽ. സ്‌പേസ് ക്ലബിന്റെ ആറാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ. യു.എൽ. സ്‌പേസ് ക്ലബിന്റെ www.ulspaceclub.in എന്ന വെബ്‌സൈറ്റിലൂടെയാണു രജിസ്‌ട്രേഷൻ.

ബഹിരാകാശരംഗത്തെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി 'തിങ്ക് ഫോർ എ ബെറ്റർ റ്റുമോറോ' ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി 'പെയിന്റ് ദ് കോസ്‌മോസ്' ചിത്രരചനാ മത്സരം, 'അസ്‌ട്രോഫയൽ' സ്‌പേസ് ക്വിസ് എന്നിവയാണു മത്സരങ്ങൾ. എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക് ഒറ്റ വിഭാഗമായാണ് മത്സരങ്ങൾ. രജിസ്‌ട്രേഷൻ ആരംഭിച്ചു. 25 ആണ് അവസാനതീയതി.

ബഹിരാകാശവിഷയങ്ങൾ,സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ് ആൻഡ് മാത്തമാറ്റിക്‌സ് എന്നിവയിൽ തത്പരാരായ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും യു.എൽ സ്‌പേസ് ക്ലബ് നടത്തുന്നുണ്ട്. ഒക്ടോബർ 4 മുതൽ 10 വരെയാണു പരിപാടികൾ.

ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ.കുട്ടിയുടെ നേതൃത്വത്തിൽ 2016 ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സേവനവിഭാഗമായ യു.എൽ. ഫൗണ്ടേഷൻ സ്ഥാപിച്ചതാണ് യു.എൽ. സ്‌പേസ് ക്ലബ്. ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജയറാം, ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഷജിൽ.യു.കെ., വാഗ്ഭടനന്ദ എഡ്യു പ്രോജക്ട് കോ ഓർഡിനേറ്റർ ടി. ദാമോദരൻ തുടങ്ങിയവർ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും.