മതിമറന്ന് ഓണാഘോഷം, മലിനമായി കടപ്പുറം

Wednesday 14 September 2022 12:32 AM IST
ഓണാഘോഷത്തിന് ശേഷം കോഴിക്കോട് ബീച്ചിൽ അടിഞ്ഞ്കൂടിയ മാലിന്യങ്ങൾ

കോഴിക്കോട്: രാജ്യത്തെ കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സ്വച്ച് സാഗർ, സുരക്ഷിത് സാഗർ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുമ്പോൾ ഓണാഘോഷ ലഹരിയിൽ കോഴിക്കോടൻ ജനത കോഴിക്കോട് ബീച്ചിനെ മറന്നു. ഓണ ദിനത്തിൽ വൻജനാവലിയാണ് കോഴിക്കോട് ബീച്ചിൽ എത്തിയത്. എന്നാൽ ആഘോഷം പൊടിപൊടിച്ചപ്പോൾ ബീച്ച് മാലിന്യത്തിൽ പുതഞ്ഞു. പലരും ബീച്ചിനെ മാലിന്യ നിക്ഷേപ കേന്ദ്രമായണ് കണ്ടത്. ഭക്ഷണാവശിഷ്ടങ്ങളും പൊതിഞ്ഞുകൊണ്ടു വന്ന പ്ളാസ്റ്റികും മറ്റും ബീച്ചിൽ അങ്ങോളമിങ്ങോളം വലിച്ചെറിയുകയായിരുന്നു.

രാജ്യത്തെ സമുദ്രങ്ങളുടെയും തീരങ്ങളുടെയും വൃത്തിയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ഓരോ പൗരന്റെയും കടമയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിനാണ് സ്വച്ച് സാഗർ, സുരക്ഷിത് സാഗർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

സമുദ്രവും സമുദ്രതീരവും തീരങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമല്ല മുഴുവൻ ജനങ്ങളുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്ത രാജ്യത്തെ 75 കടൽ തീരങ്ങളിൽ ഒന്നാണ് കോഴിക്കോട്. ഇതിനിടയിലാണ് ആഘോഷത്തിന്റെ മറവിൽ കോഴിക്കോട് തീരം മാലിന്യം കൊണ്ട് നിറച്ചത്.

കോഴിക്കോട് ബീച്ച് ശുചീകരണം ഇന്ന്

കോഴിക്കോട്: സ്വച്ച് സാഗർ, സുരക്ഷിത് സാഗർ കാമ്പയിന്റെ ഭാഗമായി ബേപ്പൂർ മുതൽ കോഴിക്കോട് വരെയുള്ള ബീച്ച് ശുചീകരണം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ച് മണി വരെ നടക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വോളന്റിയർമാർ, വൺ ഇൻഡ്യാ കൈറ്റ് ടീമിന്റെയും തീരദേശ മേഖലയിൽ നിന്നുള്ള 100 വോളന്റിയർ ക്യാപ്റ്റൻമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം. തീരങ്ങളിൽ ജീവിക്കുകയും ഉപജീവനം നടത്തുകയും ചെയ്യുന്നവർക്കൊപ്പം ഓരോ പൗരനും അണിചേരേണ്ട മഹത് കർമ്മമാണ് കടൽത്തീര സുരക്ഷയും ശുചീകരണവുമെന്ന് വിജ്ഞാൻ പ്രസാർ ശാസ്ത്രജ്ഞരായ ഡോ.ബി.കെ ത്യാഗി, ഡോ.സന്ദീപ് ബറുവ, ഡോ.ബിജു ധർമ്മപാലൻ, എൻ.ഐ.ടി ഫിസിക്‌സ് വിഭാഗം മേധാവി ഡോ.എം.കെ.രവിവർമ്മ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.