കുറ്റം ചുമത്തൽ പൂർത്തിയാവാൻ പ്രതിയെ കേൾക്കണം:ഹൈക്കോടതി
കൊച്ചി: വിചാരണയുടെ ഭാഗമായ കുറ്റം ചുമത്തൽ പൂർത്തിയാകണമെങ്കിൽ കുറ്റം സമ്മതിക്കുന്നോയെന്ന ചോദ്യത്തിന് പ്രതി നൽകുന്ന വിശദീകരണം കേൾക്കണമെന്ന് ഹൈക്കോടതി. അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി കുറ്റം ചുമത്തൽ നടപടി പൂർത്തിയായെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയതിനെതിരെ കോട്ടയം അയ്‌മനം സ്വദേശി രഞ്ജിത്ത് പന്നയ്ക്കൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കെ. ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജികൾ രണ്ടാഴ്ചയ്ക്കകം വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതിക്ക് നിർദ്ദേശം നൽകി.
ആസ്ട്രേലിയയിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ബാങ്ക് വായ്‌പ തരപ്പെടുത്തി കമ്മിഷൻ തട്ടിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത മൂന്നു അഴിമതിക്കേസുകളിലെ പ്രതിയാണ് രഞ്ജിത്ത്. ഇതിലെ കുറ്റപത്രങ്ങൾ റദ്ദാക്കാൻ രഞ്ജിത്ത് നൽകിയ ഹർജികൾ സി.ബി.ഐ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ കുറ്റം ചുമത്തൽ നടപടി പൂർത്തിയായില്ലെങ്കിൽ ഹർജികൾ പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. കുറ്റം ചുമത്തൽ പൂർത്തിയായെന്ന് വ്യക്തമാക്കി സി.ബി.ഐ കോടതി ഹർജികൾ വീണ്ടും തള്ളി. ഇതിനെതിരെ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 240 (2) പ്രകാരം കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയാകണമെങ്കിൽ കുറ്റം സമ്മതിക്കുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നൽകുന്ന വിശദീകരണം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.