നിയമസഭ കൈയാങ്കളി കേസ് , മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ഇന്ന് ഹാജരായേക്കും

Wednesday 14 September 2022 12:00 AM IST

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എം.എൽ.എ, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായേക്കും. ഇവരെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയാണ് ആദ്യ നടപടി. ഇന്ന് ഹാജരാകണമെന്നും മ​റ്റൊരു അവസരം കൂടി നൽകാനാകില്ലെന്നും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖ അന്ത്യശാസനം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കാനാണ് സാദ്ധ്യത.

കു​റ്റപത്രം വായിക്കാനായി കോടതി പല തവണ പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരായിരുന്നില്ല. അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു വാദം. കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ഹർജി വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയിരുന്നു. കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന സർക്കാർ ഹർജി വിചാരണക്കോടതി തള്ളിയതിനെ തുടർന്ന് പ്രതികൾ നേരിട്ട് വിചാരണക്കോടതിയിൽ നൽകിയ വിടുതൽ ഹർജിയും കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ചു. 2015 മാർച്ച് 13 ന് കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധമാണ് നിയമസഭ തല്ലിത്തകർക്കുന്നതിലെത്തിയത്. 2,20,000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇതടച്ചാണ് പ്രതികൾ ജാമ്യം നേടിയത്.

Advertisement
Advertisement