അഭിരാമിയുടെ മരണം: എസ്.എൻ.ഡി.പി യോഗം പ്രക്ഷോഭത്തിലേക്ക്

Wednesday 14 September 2022 12:00 AM IST

പത്തനംതിട്ട: തെരുവു നായയുടെ കടിയേറ്റ് റാന്നി പെരുനാട്ട് അഭിരാമി (12) മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സമരത്തിലേക്ക്.

അഭിരാമിക്ക് അടിയന്തര ചികിത്സ വൈകാൻ കാരണക്കാരായ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്കുമാർ, സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴംകുഴി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കും.അഭിരാമിയുടെ കുടുംബത്തെ സന്ദർശിക്കാൻ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, കളക്ടർ എന്നിവർ തയ്യാറായില്ലെന്ന് നേതാക്കൾ പറഞ്ഞു.

ആഗസ്റ്റ് 13ന് രാവിലെ വീടിന് സമീപം പാൽ വാങ്ങാൻ പോകുമ്പോഴാണ് പെരുനാട് മന്ദപ്പുഴ ഷീലാഭവനിൽ ഹരിഷ്‌കുമാറിന്റെയും രജനിയുടെയും മകളായ അഭിരാമിയെ

തെരുവു നായആക്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.