ആരാധകരേ,ശാന്തരാകുവിൻ!

Tuesday 13 September 2022 11:06 PM IST

ട്വിറ്ററിൽ അഞ്ചുകോടി ആരാധകരുമായി വിരാട് കൊഹ്‌ലി

ന്യൂഡൽഹി: ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തകർപ്പൻ ശതകവുമായി തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമിട്ട മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിക്ക് സോഷ്യൽ മീഡിയിൽ അപൂർവ റെക്കാഡ്. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

50M

അമ്പത് ദശലക്ഷം(അഞ്ചുകോടി) ഫോളോവേഴ്സ് കടക്കുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ട്വിറ്റർ അക്കൗണ്ടാണ് വിരാടിന്റേത്. പ്രധാനമന്ത്രിയുടെ പേഴ്സണൽ അക്കൗണ്ടിന് 82.3 ദശലക്ഷം ഫോളോവേഴ്സും ഒഫിഷ്യൽ അക്കൗണ്ടിന് 50.3 ദശലക്ഷം ഫോളോവേഴ്സുമുണ്ട്.

133M

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഏറ്റവുംകൂടുതൽ ഫോളോവേഴ്സുള്ള ട്വിറ്റർ അക്കൗണ്ടിന് ഉടമ. ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ(103.4M)യാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരം.

310M

വിരാടിനെ 211 ദശലക്ഷം പേർ ഇൻസ്റ്റഗ്രാമിലും 49 ദശലക്ഷം പേർ ഫേസ്ബുക്കിലും പിന്തുടരുന്നുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.

71

കരിയറിലെ 71-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് വിരാട് ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു.

1020

ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് വിരാടിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നത്. ട്വന്റി 20-യിൽ ഇന്ത്യയ്ക്കായി വിരാട് നേടുന്ന ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.