സക്കറിയാസ് ഫെർണാണ്ടസ് അന്തരിച്ചു

Tuesday 13 September 2022 11:09 PM IST

പനാജി: ഗോവൻ ഫുട്‌ബാളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന മുൻ സാൽഗോക്കർ താരം സക്കറിയാസ് ഫെർണാണ്ടസ് (78) അന്തരിച്ചു. 1970ൽ ഗോവ ആദ്യമായി ആതിഥേയത്വം വഹിച്ച ബന്ധോഡ്കർ ഗോൾഡ് കപ്പ് ടൂർണമെന്റിൽ ബോംബെ ഗോവൻസിനെതിരേ സാൽഗോക്കറിനായി ആറു മിനിട്ടിനിടെ ഹാട്രിക്ക് നേടി റെക്കാഡിട്ട താരമാണ്. സാൽഗോക്കറിന്റെ നിരവധി വിജയങ്ങളിൽ പങ്കാളിയായിരുന്നു.

കളിച്ചത് ഗോവയ്ക്ക് വേണ്ടിയായിരുന്നെങ്കിലും സക്കറിയാസ് കാൽപ്പന്തുകളിയിലേക്ക് കാലെടുത്ത് വച്ചത് കേരളത്തിൽവച്ചാണ്. ബിസിനസ് ആവശ്യത്തിനായി കുടുംബം കേരളത്തിലെത്തിയതോടെ സക്കറിയാസ് കരിയറിലെ ആദ്യ നാളുകൾ ചെലവഴിച്ചത് കേരളത്തിലായിരുന്നു. കണ്ണൂർ ലക്കി സ്റ്റാറിലൂടെയായിരുന്നു തുടക്കം. പിന്നീട് 1965-ൽസാർഗോക്കറിൽ ചേരുകയായിരുന്നു. ഐൻസാവോ കുട്ടീഞ്ഞ്യോ, വാസു റായ്തുർകർ, അലിസാബ് സദേക്കർ, മാനുവൽ തുടങ്ങിയവർക്കൊപ്പമാണ് സാൽഗോക്കറിൽ കളിച്ചത്.

1969-ലെ റോവേഴ്‌സ് കപ്പിൽ സാൽഗോക്കറിനെ വിജയത്തിലെത്തിച്ചത് സക്കറിയാസിന്റെ ഗോളായിരുന്നു. 1965-66 സീസണിൽ ഗോവ സീനിയർ ഡിവിഷൻ ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളുമായി ടോപ് സ്‌കോററായതും സക്കറിയാസായിരുന്നു. 1967 മുതൽ 1969 വരെ ഗോവൻ സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

ബന്ധോഡ്കർ ഗോൾഡ് കപ്പ് ടൂർണമെന്റിൽ സക്കറിയാസിന്റെ മികവിൽ ബോംബെ ഗോവൻസിനെതിരേ 6-0നാണ് സാൽഗോക്കർ ജയിച്ചുകയറിയത്. ഫൈനലിൽ ജലന്ധർ ആസ്ഥാനമായ ലീഡേഴ്‌സ് ക്ലബ്ബാണ് വിജയിച്ചതെങ്കിലും ടൂര്‍ണമെന്റിലുടനീളം സാൽഗോക്കറിനെ മുന്നോട്ടുനയിച്ച സക്കറിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബ് പോലീസിനെതിരേ ക്വാർട്ടറിലും സെമിയിൽ ഡെംപോ സ്‌പോർട്‌സ് ക്ലബ്ബിനെതിരേയും സക്കറിയയുടെ ഗോളുകളിലാണ് സാൽഗോക്കർ ജയിച്ചുകയറിയത്.

Advertisement
Advertisement