ളാഹ - ശബരിമല പാത, കാട് വിഴുങ്ങുന്ന വഴി

Wednesday 14 September 2022 12:17 AM IST

റാന്നി : ളാഹ - ശബരിമല പാതയുടെ വശങ്ങളിൽ കാട് വളരുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വളവിൽ ഉൾപ്പടെ റോഡിന്റെ ഇരുവശങ്ങളിലും കാട് വളരുകയാണ്. വലിയതോതിൽ കാട് വളർന്നു നിൽക്കുന്നത് വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിരവധി ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന പാതയാണിത്. തീർത്ഥാടകർക്ക് പുറമെ ളാഹ, പുതുക്കട, ചിറ്റാർ, നിലയ്ക്കൽ, അട്ടത്തോട് തുടങ്ങിയ മേഖലയിലെ ജനങ്ങൾ പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവടങ്ങളിലേക്ക് എത്തുവാൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞ ദിവസം ഇൗ റോഡിൽ ജോലി കഴിഞ്ഞു ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. റോഡിലേക്ക് കാട് വളർന്നു നിൽക്കുന്നതിനാൽ വളവിൽ ഉൾപ്പടെ അഴിച്ചുവിട്ടു വളർത്തുന്ന കന്നുകാലികളുടെ ശല്യവും ഏറി വരുന്നുണ്ടെന്ന് പരാതിയുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല. കന്നുകാലികൾ രാത്രിയിൽ റോഡിൽ കിടക്കുന്നത് ഇരുചക്രവാഹനയാത്രികരെ അപകടത്തിൽപ്പെടുത്തും.

മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷം,

സ്വകാര്യ വ്യക്തിയുടെ രണ്ടുഡസനോളം വരുന്ന കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിട്ടു വളർത്തുന്നത് യാത്രികർക്ക് ഭീഷണിയാകുന്നു.