സിനിമകൾ ചോർത്തുന്നവരെ നിർമ്മാതാക്കൾ വലയിലാക്കി,​ രഹസ്യ നീക്കത്തിൽ കുടുങ്ങിയത് കേരളത്തിലെ തിയേറ്ററുകൾ

Wednesday 14 September 2022 1:26 AM IST

കൊച്ചി: പുത്തൻ മലയാള സിനിമകളുടെ വ്യാജ പതിപ്പുകൾ ചോർന്നത് പാലക്കാട് ജില്ലയിലെ തിയേറ്റുകളിൽ നിന്നാണെന്ന് സ്വകാര്യ ആന്റി പൈറസി സെല്ലുകളുടെ സഹകരണത്തോടെ നിർമ്മാതാക്കൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എച്ച്.ഡി മികവോടെയാണ് ചിത്രങ്ങൾ ഓൺലൈനിൽ എത്തിക്കുന്നത്. ഇവ ടെലിഗ്രാമിലും മറ്റും അപ്‌ലോഡ് ചെയ്തത് കോട്ടയത്ത് നിന്നാണ്. സിനിമകളുടെ റിലീസ് ആദ്യം സംസ്ഥാനത്ത് മാത്രമായൊതുക്കി സ്വകാര്യ അന്വേഷണ ഏജൻസികൾക്ക് ലക്ഷങ്ങൾ പ്രതിഫലം നൽകിയായിരുന്നു നിർമ്മാതാക്കളുടെ രഹസ്യ നീക്കം.

ചോർത്തുന്ന തിയേറ്ററുകൾ, പ്രചരിപ്പിച്ചവർ തുടങ്ങി കുറ്റകൃത്യത്തിൽ പങ്കുള്ളവരെ കുറിച്ച് ഡിജിറ്റൽ തെളിവ് സഹിതം പൊലീസിന് പരാതി നൽകി. വ്യാജപതിപ്പുകൾ എത്തുന്നത് കേരളത്തിനു പുറത്തുള്ള തിയേറ്ററുകളിൽ നിന്നാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.

ഹൃദയം, ആറാട്ട്, നാരദൻ, ജനഗണമന, സി.ബി.ഐ ദ ബ്രെയിൻ, ന്നാ താൻ കേസുകൊട്, പാപ്പൻ, തല്ലുമാല, ഒടുവിൽ പുറത്തിറങ്ങിയ 'പത്തൊമ്പതാം നൂറ്റാണ്ട്" തുടങ്ങിയ സിനിമകളുടെ വ്യാജ പതിപ്പുകളാണ് നെറ്റിലുള്ളത്. നിർമ്മാണത്തിനായി കോടികൾ മുടക്കുന്നതിനൊപ്പം ലക്ഷങ്ങൾ ചെലവഴിച്ച് വ്യാജ പതിപ്പുകൾ നെറ്റിൽ നിന്ന് നീക്കം ചെയ്യേണ്ട ഗതികേടിലാണ് നിർമ്മാതാക്കൾ.

പൊലീസിന്റെ ഹൈടെക്ക് സൈബർ സെല്ലിന് പൈറസി സംഘത്തെ തുരത്താൻ കഴിഞ്ഞിട്ടില്ല. 2018ൽ ഏതാനും പേരെ പിടികൂടിയെങ്കിലും അന്വേഷണം നിലച്ചു. വ്യാജ സിനിമ പ്രചരിപ്പിക്കുന്ന ആപ്പുകളെ നിയന്ത്രിക്കാൻ നിയമനടപടിക്കുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ. ഒ.ടി.ടി റിലീസ് സിനിമകളുടെ വ്യാജനുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആമസോണും നെറ്റ്ഫ്ലിക്സും ഉൾപ്പെടെ ഇത് കണ്ടഭാവം നടിക്കുന്നില്ല.

 വ്യാജന്മാർ റോക്കിംഗ്

തമിഴ് റോക്കേഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ്, വൺ തമിഴ് എം.വി തുടങ്ങിയ സൈറ്റുകളാണ് വ്യാജ പതിപ്പുകൾ പുറത്തിറക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് കമ്പനികളാണ് ഇതിനായി പണം മുടക്കുന്നത്.

1000 മുതൽ 10,000 വരെ

ടെലിഗ്രാമിലെ ലിങ്കുകളുടെ എണ്ണം ഒരു ദിവസം ചുരുങ്ങിയത് ആയിരം മുതൽ പതിനായിരം വരെ. നീക്കുന്നത് കൊച്ചിയിലും ചെന്നൈയിലുമുള്ള സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ.

എം. രഞ്ജിത്

പ്രസിഡന്റ്

കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ

ഒറ്റപ്പെട്ട സംഭവമായിരിക്കാം. ആവർത്തിക്കാതിരിക്കാൻ തിയേറ്റർ ഉടമകൾ സദാ ജാഗരൂകരായിരിക്കും.

കെ. വിജയകുമാർ

പ്രസിഡന്റ്

ഫിയോക്ക്