മുൻ മന്ത്രി എൻ.എം.ജോസഫ് അന്തരിച്ചു

Wednesday 14 September 2022 12:06 AM IST

കോട്ടയം: മുൻ വനംമന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.എൻ.എം.ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു . ഇന്ന് കൊട്ടാരമറ്റത്തെ വസതിയിലെ പൊതുദർശനത്തിനുശേഷം രണ്ടു മണിക്ക്

പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിൽ സംസ്കാരം നടത്തും.

നീണ്ടുക്കുന്നേൽ ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബർ 18 നാണ് ജനനം. പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 'അറിയപ്പെടാത്ത ഏടുകൾ' ആണ് ആത്മകഥ.

സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1982ൽ ജനതാപാർട്ടി സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ പി.സി.ജോർജിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു . 1987ൽ പി.സി.ജോർജിനെ തോൽപ്പിച്ച് എം.എൽ.എയായി. എം.പി വീരേന്ദ്രകുമാർ മന്ത്രി സ്ഥാനം രാജിവച്ചതോടെ 1987 മുതൽ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി , സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ. മക്കൾ: അനീഷാ ജോസഫ് (ബിസിനസ്, എറണാകുളം) അനിത (അദ്ധ്യാപിക, എച്ച് .എസ്.എസ് കൊഴുവനാൽ). മരുമക്കൾ: ലിസ് ജോർജ് (ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളേജ് ),ജോസ് ജയിംസ് (ചാർട്ടേഡ് ആക്കൗണ്ടന്റ്).