വിട്ടൊഴിയാതെ തെരുവുനായ ആക്രമണം..,​ നാടും നഗരവും നിറയും ഭീതി

Wednesday 14 September 2022 12:08 AM IST

  • അദ്ധ്യാപകനും വിദ്യാർത്ഥികൾക്കും പരിക്കേറ്റു
  • ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്ത്രീക്കും കടിയേറ്റു

പാലക്കാട്: നഗരത്തിൽ ദിനം പ്രതി തെരുവ് നായ ആക്രമണം വർദ്ധിക്കുന്നു. മൂന്ന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും യുവതിക്കും ഉൾപ്പെടെ ആറു പേർക്കാണ് ഇന്നലെ നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാലക്കാട് തോട്ടര സ്‌കൂൾ അദ്ധ്യാപകൻ കെ.എ. ബാബുവിനാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസ് മുറിയിൽ കയറിയ തെരുവുനായ കുട്ടികൾ ബഹളം വച്ചതോടെ ഇറങ്ങിയോടി. തുടർന്ന് സ്റ്റാഫ് റൂമിന് മുന്നിൽ വച്ച് അദ്ധ്യാപകനെ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാബു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

നെന്മാറയിൽ സ്‌കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. നെന്മാറ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനശ്വരയ്ക്കാണ് കടിയേറ്റത്. ഹൈസ്‌കൂൾ പരിസരത്ത് വച്ച് രാവിലെ 9.30 ഓടെയാണ് തെരുവുനായ കടിച്ചത്.

നഗരപരിധിയിലുള്ള മേപ്പറമ്പിൽ മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മൂന്ന് പേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നെഹ്റുദ്ദീനും മദ്രസാ വിദ്യാർത്ഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവർക്കുമാണ് കടിയേറ്റത്. മദ്രസയിൽ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോൾ രക്ഷിക്കാൻ പോയതായിരുന്നു നെഹ്റുദ്ദീൻ. ആക്രമിച്ചത് വളർത്തു നായ ആണെന്ന് ഇയാൾ പറഞ്ഞു.

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ പാലക്കാട് നഗരത്തിൽ യുവതിക്കും നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയെയാണ് അക്രമത്തിന് ഇരയായത്.

നെന്മാറ പി.എച്ച്.സിയിൽ കുത്തിവെപ്പ് മരുന്നില്ല

നെന്മാറ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചതിനെ തുടർന്ന് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് ഒന്നരമാസമായി പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് മരുന്ന് ആശുപത്രിയിൽ സ്റ്റോക്ക് ഇല്ലെന്ന കാര്യം അറിയുന്നത്. ഇതേ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് മരുന്ന് ലഭ്യമല്ലെന്ന് പരാതി ഇതിനുമുമ്പും ഉയർന്നിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രൈവറ്റ് കെന്നൽസ് പദ്ധതി

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവുനായ്ക്കളുടെ പരിപാലനത്തിനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി നഗരസഭ. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി. നായ പരിപാലന രംഗത്തു താത്പര്യമുള്ളവരുടെ കൂടി സഹായത്തോടെയാണ് ഇത് നടപ്പാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി.

ആക്രമണം വളർത്തു മൃഗങ്ങൾക്ക് നേരെയും

വളർത്തു മൃഗങ്ങൾക്കെതിരെയും തെരുവുനായ്ക്കളുടെ ആക്രമണം ഏറെയാണ്. രണ്ടു ദിവസം മുൻപ് എരിമയൂർ മരുതക്കോട് കുന്നക്കാട് കെ.സി. രാജന്റെ പ്രസവിക്കാറായ ആടിനെയാണു മൂന്ന് നായ്ക്കൾ ചേർന്നു കടിച്ചു കൊന്നത്. ഗർഭിണിയായതിനാൽ ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. കടിയേറ്റ സ്ഥലത്തുതന്നെ ചത്തു വീണു.

അക്രമണം വളർത്തു നായയിൽ നിന്നും

വളർത്തു നായയിൽ നിന്നും അക്രമണം നേരിടുന്നുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് മാട്ടുമന്ത മുരുകണിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ അയൽവാസികളായ നാലു പേർക്കാണ് പരിക്കേറ്റത്. വളർത്തു നായയെ മൃഗാശുപത്രിയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ നായ രണ്ടു ദിവസം മുൻപു മറ്റു നായ്ക്കളെ കടിച്ചതായും നാട്ടുകാർ പറയുന്നു.

ഇന്നലെ മേപ്പറമ്പിൽ മദ്രസാ വിദ്യാർത്ഥികളെയും അവരെ രക്ഷിക്കാനെത്തിയ ആളേയും ആക്രമിച്ചത്

വളർത്തു നായ ആണെന്നും കഴുത്തിൽ ചങ്ങല ഉണ്ടായിരുന്നതായും പറയുന്നു.

കഴിഞ്ഞ ദിവസം അയൽവാസിയുടെ വളർത്തുനായ പെരുമാട്ടി ചുള്ളിപെരുക്കമേടിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന കൊല്ലൻകൊളുമ്പ് സ്വദേശി മുഹമ്മദ് റിയാസിനെ (38) ആക്രമിച്ചിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം 15ന്‌

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഊർജിതമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) സെന്റർ ആരംഭിക്കും. ഇതിനു സ്ഥലം കണ്ടെത്താൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. 15ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അറിയിച്ചു.

നായശല്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് 2016ൽ തുടക്കം കുറിച്ച പദ്ധതി വീണ്ടും സജീവമാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി തുടങ്ങുന്നത്.