നിയമസഭ കയ്യാങ്കളി കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും

Wednesday 14 September 2022 11:31 AM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇ പി ജയരാജൻ ഒഴികെയുള്ള മറ്റ് പ്രതികൾ കോടതിയിൽ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

അസുഖത്തെ തുടർന്ന് വിശ്രമത്തിലാതിനാലാണ് ഇ പി ജയരാജൻ ഹാജരാകാത്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മറ്റ് പ്രതികളായ കെ ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ അജിത് കുമാര്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് എന്നിവരും കോടതിയിലെത്തി. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്.

കേസ് പിൻവലിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെ ഹാജരാകണമെന്ന കർശന നിർദേശം തിരുവനന്തപുരം ചീഫ് ജു‌ഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചിരുന്നു. വിടുതൽ ഹർജി നിലനിക്കുന്നതിനാൽ പ്രതികൾ നേരത്തേ കോടതിയിൽ ഹാജരായിരുന്നില്ല. ഹർജി തള്ളിയ ശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരാകാതിരുന്നതോടെയാണ് ഇന്ന് ഹാജരാകണമെന്ന കർശന നിർദേശം നൽകിയത്. ചീഫ് ജു‌ഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിച്ചത്.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നത്.