ഇന്ത്യൻ തീരുമാനത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ 20ശതമാനത്തിലധികം വില കത്തിക്കയറും, വെള്ളത്തിലായ പാകിസ്ഥാനിലും പ്രതീക്ഷ നശിച്ചു

Wednesday 14 September 2022 4:08 PM IST

ദുബായ് : ഗോതമ്പിന് പുറമേ അരിയ്ക്കും ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ഇതിന്റെ രൂക്ഷ ഫലം കൂടുതൽ അനുഭവിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. സെപ്തംബർ ഒമ്പതിനാണ് ഇന്ത്യ അരി കയറ്റുമതിക്ക് തീരുവ ചുമത്തിയത്. വെള്ള, നുറുക്കിയ ബസ്മതി തുടങ്ങിയ ഇനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് മൺസൂൺ മഴയുടെ കുറവ് കാരണം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അരി ഉത്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് പ്രവാസികളിൽ ഏകദേശം 60 ശതമാനം ആളുകളും ബസ്മതി അരിയും, വെള്ള അരിയുമാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും ഈ അരിയുടെ ഉപഭോക്താക്കളാണ്. ഇവരുടെ പ്രാതൽ വിഭവങ്ങൾ മുതൽ അരിയുപയോഗിച്ചുള്ളതാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കുറവുണ്ടായതിനാൽ ഇരുപത് ശതമാനത്തോളം വില വർദ്ധിച്ചേക്കുമെന്നാണ് റീട്ടെയിലർമാരും ഇറക്കുമതിക്കാരും കരുതുന്നത്.

ജിസിസി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന അരിയുടെ നാൽപ്പത് ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്നതാണ്. ഇന്ത്യയിൽ നിന്നും യുഎഇ, ഇറാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് 21 ദശലക്ഷം ടണ്ണിന്റെ കയറ്റുമതിയാണ് നടന്നത്. 2020ൽ യുഎഇയിലേക്ക് മാത്രം ഇന്ത്യയിൽ നിന്നും 385.39 മില്യൺ ഡോളറിന്റെ അരി കയറ്റുമതി ചെയ്തതായി യുണൈറ്റഡ് നേഷൻസിന്റെ കോംട്രേഡ് ഡാറ്റ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നും അരികയറ്റുമതി കുറഞ്ഞാൽ ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നീട് ആശ്രയിക്കാൻ കഴിയുന്നത് പാകിസ്ഥാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ്. എന്നാൽ അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും ഇനിയും മുക്തമാവാത്ത പാകിസ്ഥാനിൽ നിന്നും അടുത്തിടെയൊന്നും അരി കയറ്റുമതി ചെയ്യാനാവില്ല. അതിനാൽ വിയറ്റ്നാമിൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.