12 ബില്ലുകൾ രാജ്ഭവനിൽ സൂക്ഷ്‌മ പരിശോധനയിൽ

Wednesday 14 September 2022 9:37 PM IST

തിരുവനന്തപുരം: നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്കായി രാജ്ഭവനിലെത്തിച്ച 12 ബില്ലുകളിൽ രാജ്ഭവൻ സൂക്ഷ്മ പരിശോധന നടത്തുന്നു. 18ന് രാത്രിയേ ഗവർണർ രാജ്ഭവനിലെത്തൂ. അതിനു ശേഷമാവും തീരുമാനം. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗവർണറെ സന്ദർശിച്ച് ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് അഭ്യർത്ഥിച്ചേക്കാം. ഗവർണർ ഒപ്പുവച്ചാലേ ബിൽ നിയമമാവൂ. ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ബിൽ, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ, സഹകരണസംഘം അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകുന്ന ഭേദഗതി എന്നിവയിൽ ഗവർണർ ഒപ്പിടാനിടയില്ല. മറ്റുള്ളവയ്‌ക്ക് അനുമതി നൽകിയേക്കാം.

ഗവർണർക്ക് മൂന്നു വഴികളാണുള്ളത്. ഭരണഘടനാവിരുദ്ധമല്ലാത്ത ബില്ലുകളിൽ ഒപ്പുവയ്‌ക്കാം. എതിരഭിപ്രായമുണ്ടെങ്കിൽ ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കാം. ബില്ലുകളിൽ ഗവർണക്ക് തീരുമാനമെടുക്കാൻ ഭരണഘടന കാലപരിധി നിശ്ചയിച്ചിട്ടില്ല. എത്രകാലം വേണമെങ്കിലും പിടിച്ചുവയ്ക്കാം. ബില്ലുകൾ തിരിച്ചയച്ചാൽ ആറുമാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതിയോടെയോ അല്ലാതെയോ വീണ്ടും അയച്ചാൽ ഒപ്പിടണം. ഭരണഘടനാനുസൃതമല്ലെന്ന് ബോദ്ധ്യമായാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് മറ്റൊന്ന്.