ലഹരി വിമുക്ത റാന്നിയ്ക്കായി എം.എൽ.എയുടെ കർമ്മ പദ്ധതി

Thursday 15 September 2022 12:27 AM IST

റാന്നി : ലഹരി വിമുക്ത റാന്നി എന്ന ലക്ഷ്യവുമായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ റാന്നി മണ്ഡലത്തിൽ വിപുലമായ ജനകീയ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. റെയിൻ (റാന്നി ഇനിഷിയേറ്റീവ് എഗനെസ്റ്റ് 'നാർക്കോട്ടിക്ക്സ് ) എന്ന പേരിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ഗ്രാമ സഭകൾ ചേരും. സ്കൂൾ തലം മുതൽ ആരംഭിക്കുന്ന പ്രചരണ -ബോധവൽക്കരണ പരിപാടിയോടൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ സഹായിക്കുക ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗ- വിതരണ സംവിധാനങ്ങൾ കണ്ടെത്തുന്നതിനും അതിന്റെ വിതരണം തടയുന്നതിനും കർമ്മപദ്ധതികൾ ആവിഷ്കരിക്കുക ഇതിന്റെ ഭാഗമാണ്. ലഹരി വിമുക്ത റാന്നിക്കായുള്ള വിപുലമായ ഗ്രാമ സഭകൾ, സ്കൂൾ-കോളേജ് അസംബ്ലികൾ, എന്നിവ ചേർന്ന് സൂക്ഷ്മ തല പരിപാടികൾക്ക് രൂപം നൽകും. ക്ലാസുകൾ, വീഡിയോ പ്രദർശനങ്ങൾ, ലഹരി മുക്തരുടെ കൂട്ടായ്മകൾ ,പ്രതിരോധ സേനകൾ ,ലഹരി രഹിത റാന്നിയുടെ പതാക,പോസ്റ്റർ തുടങ്ങിയവ ഉടൻ നിലവിൽ വരും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എയുടെ നേതൃത്വത്തിൽ, ജനപ്രതിനിധികൾ അദ്ധ്യാപക-രക്ഷകർതൃ സംഘടനകൾ ,സന്നദ്ധ സംഘടനകൾ ,മത-സാമൂഹിക കൂട്ടായ്മകൾ, പൊലീസ്‌ , എക്‌സൈസ്, ആരോഗ്യം, തുടങ്ങിയ വിവിധ വകുപ്പുകൾ, വിദ്യാർത്ഥി യുവജന സംഘടനകൾ തുടങ്ങിയവർ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

Advertisement
Advertisement