ശബരിമല: ദർശന നിയന്ത്രണം നീക്കും

Wednesday 14 September 2022 11:57 PM IST

തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ. പരമ്പരാഗത പാതയും പുൽമേടും തുറന്നു കൊടുക്കാനും ധാരണയായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാകും അന്തിമ തീരുമാനം.

ഓൺലൈൻ ബുക്കിംഗിന് ദേവസ്വം ബോർഡ് വിപുലമായ സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർക്കാനും നിർദ്ദേശം നൽകി. മന്ത്രിമാരായ കെ.രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ പങ്കെടുത്തു.