കാപികോ റിസോർട്ട് പൊളിക്കൽ തുടങ്ങി; മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച് ജീവനക്കാർ
Thursday 15 September 2022 10:25 AM IST
ആലപ്പുഴ: ആലപ്പുഴ കാപികോ റിസോർട്ട് പൊളിക്കൽ ആരംഭിച്ചു. റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി. റിസോർട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സർക്കാർ റിസോർട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ റിസോർട്ട് പൊളിക്കൽ ആരംഭിച്ചത്.
പാണാവള്ളി നെടിയതുരുത്തിലെ 35,900 ചതുരശ്രയടി കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. വേമ്പനാട് കായലിലെ തുരുത്തിൽ സ്ഥിതിചെയ്യുന്ന റിസോർട്ട് തീരപരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാൻ 2020ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ.