ദിവാകരൻ തന്റെ കൃഷിയിടത്തിൽ പാമ്പിനെ വളർത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെ, അതിഥി ചില്ലറക്കാരനല്ല

Friday 16 September 2022 12:07 PM IST

നീലേശ്വരം: ദിവാകരന്റെ നീലേശ്വരം കടിഞ്ഞിമൂലയിലെ മണ്ണിൽ വംശനാശ ഭീഷണി നേരിടുന്ന മണ്ണൂലി പാമ്പിന് സുഖവാസം. അപൂർവമായ ജീവിയെ കണ്ടപ്പോൾ കൗതുകം തോന്നിയ പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ ഫോട്ടോയെടുത്ത് വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കും ജന്തുശാസ്ത്രജ്ഞന്മാർക്കും അയച്ചു കൊടുത്തപ്പോഴാണ് അതിഥി ചില്ലറക്കാരനല്ലെന്ന് മനസ്സിലായത്.

കാഴ്ചയിൽ മലമ്പാമ്പിനോടും അണലിയോടും സാദ്യശ്യമുള്ള വിഷമില്ലാത്ത പാമ്പാണ് മണ്ണൂലി. മണ്ണിനടിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതു കൊണ്ടാണ് മണ്ണൂലി എന്ന പേര് കിട്ടിയത്. എറിക്സ് ജോണി എന്നാണ് ശാസ്ത്ര നാമം. ഇന്ത്യൻ സാൻഡ് ബോവ ,ഇന്ത്യൻ റെഡ് ബോവ എന്നീ പേരുകളുമുണ്ട്. അരമീറ്ററോളം നീളം വരും. ഒരു പ്രസവത്തിൽ പതിനാലോളം കുഞ്ഞുങ്ങളുണ്ടാകും. ചേനത്തണ്ടൻ എന്ന് തെറ്റിദ്ധരിച്ച് തല്ലികൊല്ലുന്നതാണ് മണ്ണൂലിയുടെ ജീവന് പ്രധാന ഭീഷണി. കൃഷിയെ നശിപ്പിക്കുന്ന പുഴുക്കളെ തിന്നുന്നതു കൊണ്ട് കർഷകന്റെ ഉറ്റ മിത്രമാണ്.

മണ്ണിനടയിലെ വേരുതീനി പുഴുക്കളും ചാണകപ്പുഴുക്കളും ചെറിയ ഇനം എലികളും പാമ്പുകളുമാണ് ഭക്ഷണം.വിഷമില്ലാത്തതിനാൽ ഇരയെ വരിഞ്ഞു മുറുക്കി കൊന്ന ശേഷമാണ് ഭക്ഷിക്കുന്നത്. ഉപദ്രവകാരികളല്ലാത്ത ശാന്ത സ്വഭാവത്തിൽ പെട്ട പാമ്പു വർഗ്ഗത്തിൽ പെട്ട മണ്ണൂലിയെ ദിവാകരന്റെ പുരയിടത്തിലെ വിശാലമായ ആവാസവ്യവസ്ഥയിൽ തന്നെ ഇളക്കി വിടാനാണ് വനം വകുപ്പിൽ നിന്ന് കിട്ടിയ ഉപദേശം.