ഇനി എത്രപേർ മരിക്കണം,  റോഡ് കുഴിയാക്കി ഇടാനാണെങ്കിൽ എന്തിനാണ് എൻജിനീയർമാർ, സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

Friday 16 September 2022 4:40 PM IST

കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആലുവയിൽ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തെ കുറിച്ചുള്ള കേസ് പരിഗണിക്കവേയാണ് ഇനി എത്രപേർ മരിക്കണമെന്ന് ചോദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെ വിമർശിച്ചത്. കുഴിയാക്കി റോഡിനെ ഇടാനാണെങ്കിൽ എന്തിനാണ് ഇവിടെ എൻജിനീയർമാരെന്ന് സർക്കാരിനോട് കോടതി ചോദ്യമുന്നയിച്ചു. അവർ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും ചോദിച്ചു. ആലുവ റോഡിന്റെ ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി ആവശ്യപ്പെട്ടു. പത്തൊമ്പതാം തീയതി വിശദീകരണം നൽകണമെന്നും, ഇല്ലെങ്കിൽ കളക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി ഓർമ്മിപ്പിച്ചു.

അതേസമയം അപകടത്തിനിടയാക്കിയ റോഡിലെ കുഴിയടയ്ക്കൽ തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അപകടത്തിപ്പെട്ടയാൾ ശരീരത്തിൽ ഷുഗർ കുറഞ്ഞതിനെ തുടർന്നാണ് മരിച്ചതെന്ന സർക്കാർ വാദം വിവാദമായിട്ടുണ്ട്. ഹർജി വീണ്ടു പരിഗണിക്കുന്നതിനായി ഈ മാസം 19ലേക്ക് മാറ്റി.

ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണാണ് കുഞ്ഞുമുഹമ്മദ് മരിച്ചതെന്ന വാദത്തെയാണ് ഇയാളുടെ അസുഖത്തെ ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ഖണ്ഡിക്കാൻ ശ്രമിച്ചത്. ഇദ്ദേഹം റോഡിൽ കുഴഞ്ഞു വീണത് ശരീരത്തിൽ ഷുഗർ കുറഞ്ഞതിനാലാണെന്നും, അല്ലാതെ കുഴിയിൽ വീണിട്ടല്ലെന്നുമാണ് സർക്കാർ സ്ഥാപിച്ചത്. ഇതിന് ആധാരമായി പൊലീസ് മകന്റെ മൊഴി എടുത്തിട്ടുണ്ടെന്നും, പരാതിയില്ലെന്ന് പരേതന്റെ വീട്ടുകാർ പറഞ്ഞതായും കോടതിയെ ധരിപ്പിച്ചു. എന്നാൽ പിന്നീട് ഇയാളുടെ മകൻ ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നത് സർക്കാരിന് തിരിച്ചടിയായി. ഓഗസ്റ്റ് 20നാണ് കുഞ്ഞുമുഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽ പെട്ടത്. ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഇയാൾ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.