ചന്ദ്രബോസ് വധക്കേസ്: നിഷാമിന്റെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു

Saturday 17 September 2022 1:05 AM IST

കൊച്ചി: തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തമടക്കമുള്ള തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു.

ജീവപര്യന്തം തടവി​ന് പുറമേ 24വർഷം തടവും 80.30 ലക്ഷംരൂപ പിഴയുമാണ് തൃശൂർ അഡി. ജില്ലാകോടതി ശിക്ഷവിധിച്ചിരുന്നത്. പിഴത്തുകയിൽ 50 ലക്ഷംരൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും പറഞ്ഞിരുന്നു. ഈ ശിക്ഷാവിധിക്കെതിരെ മുഹമ്മദ് നിഷാമും പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.

ചന്ദ്രബോസിനെ കൊല്ലാൻ മുഹമ്മദ് നിഷാം ഉപയോഗിച്ച ആഡംബര വാഹനം തന്റേതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് വാഹനഉടമ ബംഗളൂരു സഞ്ജയ്‌നഗർ സ്വദേശി കിരൺ രവിരാജു നൽകിയ അപ്പീലും ഹൈക്കോടതി തള്ളി.

ജീവപര്യന്തം തടവുശിക്ഷയെന്നത് ആജീവനാന്ത തടവുശിക്ഷയാണെന്നും ഇതിൽ ഇളവുനൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ തള്ളിയത്. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി വധശിക്ഷ ഒഴിവാക്കിയത്. ഇതു പൂർണ്ണമായും ശരിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

æ ഹൈക്കോടതി പറഞ്ഞത്

സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അടിസ്ഥാനമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ കുറ്റകൃത്യമാണിത്. പ്രതിയും കൊല്ലപ്പെട്ട ചന്ദ്രബോസും തമ്മിലുള്ള സാമ്പത്തിക അന്തരം കുറ്റകൃത്യത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.

ക്രൂരമായ കൊലപാതകം
Comm

തൃശൂർ: ആഡംബര വാഹനമായ ഹമ്മർ ഇടിച്ച് കയറ്റി ചുമരിനിടയിലാക്കി ഞെരിച്ചും കലി തീരാതെ വാഹനത്തിലേക്ക് വലിച്ചു കയറ്റി ചവിട്ടിയും അടിച്ചും ക്രൂരമായാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായി​രുന്ന കണ്ടശ്ശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. 2015 ജനുവരി 29ന് പുലർച്ചെ മൂന്നോടെയാണ് ഫ്ളാറ്റിന്റെ വൈദ്യുത ഗേറ്റ് തുറക്കാൻ വൈകിയതിലും ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായി​ ആക്രമി​ക്കുകയായി​രുന്നു. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ചുമരിനോട് ചേർത്ത് ഇടിച്ചു. വീണുകിടന്ന ഇയാളെ എഴുന്നേൽപ്പിച്ച് ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. പിന്നീട് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി തലയി​ൽ ചവി​ട്ടുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സെക്യൂരിറ്റി റൂമും ഫർണിച്ചറും ജനലുകളും അടിച്ചു തകർത്തു. സെക്യൂരിറ്റി സൂപ്പർവൈസർ അനൂപിനും മർദ്ദനമേറ്റു. ഫ്ളയിംഗ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നട്ടെല്ലും വാരിയെല്ലും തകർന്നു

ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശൂർ അമല ആശുപത്രിയിൽ ചന്ദ്രബോസ് മരിച്ചു.

ജയിലിലും പ്രശ്നക്കാരൻ

ആറു വർഷത്തിലേറെയായി നിഷാം ജയിലാണ്. ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതിനാൽ പല തവണ ജയിലുകൾ മാറ്റി.


''

ഹൈക്കോടതി വിധിയിൽ സന്തോഷവും സമാധാനവുമുണ്ട്. ഒരു പാട് പണവും ആൾക്കാരുമുള്ളവരാണവർ. സുപ്രീംകോടതി അപ്പീലിനുള്ള കാലാവധി അവസാനിക്കുന്നതിനകം വിധി വന്നതിലാണ് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണ ആത്മവിശ്വാസം നൽകി.

--ജമന്തി, ചന്ദ്രബോസിന്റെ ഭാര്യ

Advertisement
Advertisement