ഓണപ്പരിശോധന: പൂട്ടിച്ചും പിഴ ഈടാക്കിയും ഭക്ഷ്യസുരക്ഷാ വകുപ്പ്

Saturday 17 September 2022 1:27 PM IST
ഓണപ്പരിശോധന: പൂട്ടിച്ചും പിഴ ഈടാക്കിയും ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: ഓണത്തിന് മായം ചേർത്ത് കച്ചവടം നടത്തിയവരെ കൈയ്യോടെ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്പെഷ്യൽ സ്ക്വാഡുകൾ 212 ഹോട്ടലുകളിലായിരുന്നു പരിശോധന. ആഗസ്റ്റ് 29 മുതൽ സെപ്തംബർ മൂന്നുവരെയും നാല് സ്ക്വാഡുകൾ വീതവും ഓണാവധിക്കാലത്ത് ഒരു സ്ക്വാഡുമാണ് രംഗത്തിറങ്ങിയത്.

വൃത്തിയില്ലായ്മ, പഴകിയ ആഹാരം, മായം ചേർന്നവ, ലൈസൻസ് ഇല്ലാത്തവ എന്നീ വീഴ്ചകൾക്കെതിരെയായിരുന്നു നടപടി.

നടപടികൾ

ആകെ പരിശോധിച്ചത് - 212

പൂട്ടിച്ചത് - 2

പിഴ ഈടാക്കിയവ- 25

നോട്ടീസ് നൽകിയവ- 43

പിടിച്ചെടുത്ത് നശിപ്പിച്ചവ- കാലാവധി കഴിഞ്ഞ 10 കിലോ കേക്ക്

പരിശോധനയ്ക്ക് അയച്ചവ- 53 ഭക്ഷ്യ സാമ്പിളുകൾ

പരിശോധിച്ചവ

പായസക്കിറ്റ്, ഉപ്പേരികൾ, പാൽ, ശർക്കര, വെളിച്ചണ്ണ, പപ്പടം, നെയ്യ്, അരി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഭക്ഷ്യ നിർമ്മാണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ബേക്കറികൾ, ഹോട്ടലുകൾ, കേറ്ററിംഗ് സർവീസുകൾ എന്നിവിടങ്ങളിലാണ് സ്ക്വാഡുകൾ എത്തിയത്.

രാത്രിപരിശോധന ശക്തമാക്കി

നഗരത്തിലെ ഏറ്റവും കൂടുതൽ ഭക്ഷണവിതരണ കേന്ദ്രങ്ങളുള്ള സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.

ലൈസൻസ് രജിസ്ട്രേഷൻ ഡ്രൈവ്

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി രജിസ്ട്രേഷൻ എടുപ്പിക്കുന്ന ലൈസൻസ് രജിസ്ട്രേഷൻ സ്പെഷ്യൽ ഡ്രൈവും ജില്ലയിൽ ആരംഭിച്ചു. 19 മുതൽ 14 സർക്കിളുകളിലായി 5 ദിവസമാണ് മേള. ലൈസൻസ് ഇല്ലാത്തവർക്കെല്ലാം മേളയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാം.

............................................

സാമ്പിൾ എടുത്ത ഭക്ഷ്യ സാധനങ്ങളുടെ ഫലം ഈ മാസം എത്തും. ഇവയിൽ മായം കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കും. ജില്ലയിൽ ഇപ്പോഴും പരിശോധന ശക്തമാണ്.

പി.കെ. ജോൺ വിജയകുമാർ

ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ

ഭക്ഷ്യസുരക്ഷാ വകുപ്പ്

Advertisement
Advertisement