നടിയെ ആക്രമിച്ച കേസ്: ശരത്തിനെ ഹാജരാക്കുന്നത് വേഗത്തിലാക്കണം

Friday 16 September 2022 11:55 PM IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്ത ആലുവ സ്വദേശി ശരത്തിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിചാരണക്കോടതിയിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റുചെയ്ത് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കിയത്. ശരത്തിനെ വിചാരണക്കോടതിയിൽ ഹാജരാക്കുന്നതിന് ഇനിയും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കണമെന്ന് ഇന്നലെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് സെപ്തംബർ 19ന് പരിഗണിക്കാൻ മാറ്റി.