ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് ഷീറ്റുകൾ പതിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
* ഡ്രൈവർ ഒളിവിൽ
തൃശൂർ: അപകടകരമാം വിധം നിറച്ചു കൊണ്ടുപോയ വലിയ ഇരുമ്പ് ഷീറ്റുകൾ ലോറി ബ്രേക്കിട്ടപ്പോൾ കൂട്ടത്തോടെ തെറിച്ച് റോഡിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. അകലാട് പുതുവീട്ടിൽ മഠത്തിപ്പറമ്പിൽ പി.എം. മുഹമ്മദലി ഹാജി(78), അകലാട് കിഴക്കെത്തറ വീട്ടിൽ ഷാജി(41) എന്നിവരാണ് മരിച്ചത്. ബലം കുറഞ്ഞ ബെൽറ്റ് കൊണ്ട് കെട്ടിയിരുന്ന ഷീറ്റുകൾ ബെൽറ്റ് പൊട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു.
ശരീരത്തിൽ കൂടുതൽ ഷീറ്റുകൾ വീണ ഷാജി തത്ക്ഷണവും മുഹമ്മദലി ഹാജി ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തും മുമ്പും മരിച്ചു. ഇന്നലെ രാവിലെ ആറിന് അകലാട് എ.എം.യു.പി സ്‌കൂളിന് സമീപമായിരുന്നു അപകടം. അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ട കൊച്ചി സ്വദേശി ഡ്രൈവർക്ക് വേണ്ടി വടക്കെക്കാട് പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാളും ലോറിയും കസ്റ്റഡിയിലാണ്.
ഡ്രൈവറുടേതെന്ന് കരുതുന്ന മൊബൈൽഫോൺ സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു. കണ്ടെയ്‌നറുകളിൽ ഉപയോഗിക്കുന്ന ഭാരമേറിയ ഷീറ്റുകളുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി.
അകലാട് പള്ളിയിൽ സുബഹ് നമസ്‌കരിച്ച് എടക്കഴിയൂരിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന മുഹമ്മദലി ഹാജി. ഹോട്ടൽ ജീവനക്കാരനായ ഷാജിയോട് ലിഫ്റ്റ് ചോദിച്ച് കയറുന്നതിനിടെയായിരുന്നു അപകടം.
ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പൊലീസിൽ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. വടക്കെക്കാട് സി.ഐ: അമൃതരംഗൻ, എസ്.ഐമാരായ സുജിത്, അൻവർ എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. പരേതയായ അയിഷുമ്മയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കൾ: ഷമീർ, ലുഖ്മാൻ, സെലീന, റഹീന, ജസീന, നുസി. റാബിയയാണ് ഷാജിയുടെ ഭാര്യ. മക്കൾ: ഫാത്തിമ സബിത, ഫാത്തിമ ഫിദ, ഫാത്തിമ സഹ്മിദ.
അപകടകാരണം അശ്രദ്ധ
ഇരുമ്പുഷീറ്റുകൾ കെട്ടിവച്ചതിലെ ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഭാരമേറിയ ഷീറ്റുകൾ ബലം കുറഞ്ഞ ഒറ്റ ബെൽറ്റ് കൊണ്ടാണ് കെട്ടിയിരുന്നത്. ഒരു ഭാഗത്ത് ഷീറ്റുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലുമായിരുന്നു. ലോറി അൽപ്പം ചെരിഞ്ഞാൽ പോലും ബെൽറ്റ് പൊട്ടി ഷീറ്റുകൾ വീഴുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ഡ്രൈവറെ അറസ്റ്റ് ചെയ്താലേ കൂടുതൽ വിവരം ലഭിക്കൂ.