ടെലിവിഷൻ മാദ്ധ്യമഅവാർഡ് ബൈജു ചന്ദ്രന്

Saturday 17 September 2022 12:19 AM IST

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന എൻ.എച്ച്. അൻവർ ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന നാലാമത് ടെലിവിഷൻ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരത്തിന് ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രൻ അർഹനായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

കേബിൾ ടി.വി ചാനലുകളിലെ മികച്ച വാർത്തയ്ക്കുള്ള പുരസ്‌കാരത്തിന് പി. പ്രസാദ് (ടി.സി.എൻ തൃക്കരിപ്പൂർ), മികച്ച അവതാരകൻ ആന്റോ ആന്റണി (ടി.സി.വി തൃശൂർ), മികച്ച കാമറാമാൻ അനീഷ് നിള (വയനാട് വിഷൻ), മികച്ച വിഷ്വൽ എഡിറ്റർ പ്രജിൽ തുയ്യത്ത് (ഗ്രാമിക ടി.വി കൂത്തുപറമ്പ്) എന്നിവരെ തിരഞ്ഞെടുത്തു. 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വാർത്താവിഭാഗത്തിൽ വയനാട് വിഷനിലെ പി.കെ. രഘുനാഥും പ്രോഗ്രാം അവതരണത്തിന് സ്വാതി രാജേഷും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

ഡോ. വി.എസ്. വെങ്കിടേശ്വരൻ, എം.എസ്. ബനേഷ്, ഇ.എൻ. ഹരികുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ. 24ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന കേരളവിഷൻ സംരംഭക കൺവെൻഷനിൽ എ.എം. ആരിഫ് എം.പി അവാർഡ് നൽകും. മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പങ്കെടുക്കും.