ബാർട്ടൺ​ഹിൽ കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വാഹനം രാജ്യാന്തര വേദിയിൽ

Saturday 17 September 2022 12:23 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ​ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പ്രവേഗ' യാണ് 'വണ്ടി' എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമ്മിച്ചിരിക്കുന്നത്. ഒക്‌ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അഞ്ചു ടീമുകളിൽ ഒന്നാണ് ഇവരുടേത്. പഴയ ഡിസൈൻ തന്ത്രങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് പൂർണമായും കാർ പുനർനിർമ്മിക്കുകയായിരുന്നെന്നും മാലിന്യങ്ങളിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും പ്രവേഗ ടീമിന്റെ ലീഡർ കല്യാണി എസ്.കുമാർ പറഞ്ഞു. പ്രവേഗ ടീമിന്റെ ഫാക്കൽറ്റി അഡ്വൈസർ ഡോ.അനീഷ് കെ.ജോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോമൊട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ഇലക്ട്രിക്ക് കാർ വികസിപ്പിച്ചത്. കേരള സർക്കാരിന്റെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും പദ്ധതിയെ പിന്തുണച്ചു.

റോയൽ ഡച്ച് ഷെൽ പി.എൽ.സി,ലോകത്തെ വിവിധ കോണുകളിലുള്ള വിദ്യാർഥികൾക്കായി നടത്തുന്ന അന്താരാഷ്ട്ര മത്സരമാണ് ഷെൽ ഇക്കോ മാരത്തൺ. മത്സരാർത്ഥികൾക്ക് അവരുടെ ഡിസൈനുകളും നിർമിച്ച കാറുകളും അവയുടെ കാര്യക്ഷമതയുമെല്ലാം പ്രദർശനത്തിന് വയ്ക്കാം. ഇലക്ട്രിക്, ഗ്യാസോലിൻ വിഭാഗങ്ങളിൽ സൂപ്പർ മൈലേജ് കാറുകൾ അവതരിപ്പിക്കുക എന്നതാണ് ഏറെ പ്രശസ്തമായ ഈ ഊർജ്ജ കാര്യക്ഷമത മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

Advertisement
Advertisement