മുകേഷ് അംബാനി ഗുരുവായൂർ ദർശനം നടത്തി,​ കാണിക്കയായി അന്നദാന ഫണ്ടിലേക്ക് നൽകിയത് 1.51 കോടി രൂപ

Saturday 17 September 2022 9:48 PM IST

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഇളയമകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മ‌ർച്ചന്റ്,​ റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമായിരുന്നു മുകേഷ് അംബാനി എത്തിയത്. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദേഹം കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാന ഫണ്ടിലേക്ക് നൽകി.

തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ,​ അഡ്വ. കെ.വി. മോഹന കൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ അംബാനി നമസ്‌കാരമണ്ഡപത്തിനു സമീപത്തെ വിളക്കിൽ നെയ്യർപ്പിച്ച ശേഷം ഗുരുവായൂരപ്പനെ തൊഴുതു.

ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായി ആയിരുന്നു പ്രതികരണം. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ മുകേഷ് അംബാനിക്ക് കിഴക്കേ ഗോപുരകവാടത്തിന് മുന്നിൽ വെച്ച് വി.കെ. വിജയൻ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു.