യുവാക്കൾക്ക് തൊഴിൽ നൽകാൻ തൊഴിൽസഭകൾ

Sunday 18 September 2022 12:30 AM IST

തിരുവനന്തപുരം: പ്രാദേശികതലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളെ കണ്ടെത്തി ജോലി ലഭ്യമാക്കുന്നതിന് സർക്കാർ തൊഴിൽസഭകൾ ആരംഭിക്കുന്നു. വാർഡ് തലത്തിലാണ് തൊഴിൽസഭകൾ ചേരുന്നത്. തൊഴിൽസഭകളുടെ ഉദ്ഘാടനം ഈമാസം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രാവിലെ 10ന് പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൊഴിൽസഭയിൽ അദ്ദേഹം പങ്കെടുക്കും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. സർക്കാർ ഇതിനോടകം തുടക്കമിട്ട ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ പദ്ധതി, ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി എന്നിവ തൊഴിൽസഭകളിലൂടെയാണ് നടപ്പാക്കുക.

ഇത് സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. കേരളത്തിലും പുറത്തുമുള്ള തൊഴിലിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിൽ കണ്ടെത്തി നൽകുന്നത് ലോകത്ത് ആദ്യമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

മുൻ മന്ത്രി എം.വി.ഗോവിന്ദനാണ് തൊഴിൽസഭ എന്ന ആശയത്തിന് തുടക്കമിട്ടത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശതലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ദൗത്യമാണ് തദ്ദേശവകുപ്പ് നിർവ്വഹിക്കുന്നത്.