'സുദൃഢം' : സമ്പൂർണ അയൽക്കൂട്ട പ്രവേശന കാമ്പെയിനുമായി കുടുംബശ്രീ

Sunday 18 September 2022 12:00 AM IST

തിരുവനന്തപുരം: സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കുന്ന 'സുദൃഢം2022' സംസ്ഥാനതല കാമ്പെയിന് തുടക്കമായി. കുടുംബശ്രീയിൽ ഇതുവരെ അംഗമാകാത്തവരെയും അയൽക്കൂട്ടങ്ങളിൽ നിന്നു വിട്ടു പോയവരെയും കണ്ടെത്തി ഉൾച്ചേർക്കുകയാണ് ലക്ഷ്യം. 1070 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 3,06,551 അയൽക്കൂട്ടങ്ങളും ഇതിൽ പങ്കാളികളാകും. ഒക്ടോബർ രണ്ടു വരെയാണ് കാമ്പെയ്ൻ. ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ കണ്ടെത്തി അവർക്കായി പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഇവർക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള നടപടികൾക്കും തുടക്കമിടും. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കും. കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം കാമ്പെയിൻ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തിൽ സി.ഡി.എസുകൾക്കുള്ള പരിശീലനം 19ന് സംഘടിപ്പിക്കും. തുടർന്ന് കാമ്പെയിനുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. കാമ്പെയിൻ ഏകോപനം സംസ്ഥാന ജില്ലാ മിഷനുകൾ സംയുക്തമായി നിർവ്വഹിക്കും.

Advertisement
Advertisement