വളർത്തു നായ്ക്കൾക്ക് ലൈസൻസ്

Sunday 18 September 2022 12:31 AM IST

കൊച്ചി: തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന് 2021 ജൂലായ് 14 ന് കോടതി ഉത്തരവിട്ടെങ്കിലും സംസ്ഥാനത്ത് ഒരിടത്തും നടപ്പിലായില്ല. വളർത്തു നായ്ക്കൾക്ക് തദ്ദേശസ്ഥാപനങ്ങൾ നിലവിൽ ലൈസൻസ് നൽകുന്നുണ്ട്. ഇത് ലഭിക്കുന്നതിന് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒന്നിലധികം നായ്ക്കൾ ഉണ്ടെങ്കിൽ അവയ്ക്ക് ഓരോന്നിനും ലൈസൻസ് ലഭിക്കാൻ പ്രത്യേകം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണം. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണനൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്)​ വഴി ഓൺലൈനായും പഞ്ചായത്തുകൾ വഴി നേരിട്ടും ലൈസൻസ് എടുക്കാനാകും.

ആർക്കും വേണ്ട
കൊച്ചി കോർപ്പറേഷനിൽ 2021– 22 വർഷം വളർത്തു നായ്ക്കൾക്കുള്ള ലൈസൻസ് എടുത്തത് 275 പേർ മാത്രം. വളർത്തു നായ്ക്കൾക്കു നിർബന്ധമായും ലൈസൻസ് എടുക്കണമെങ്കിലും ഒരാളും ഇതു ചെയ്യാറില്ല.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം 2015ൽ പ്രവർത്തനമാരംഭിച്ചെങ്കിലും ലൈസൻസിന്റെ കാര്യം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ലൈസൻസിംഗ് ഏർപ്പെടുത്തുന്നതോടെ ജന്തുക്കളുടെ പരിപാലനം മെച്ചപ്പെടുത്താനും വളർത്തുമൃഗങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന പ്രവണതയ്ക്ക് തടയിടാനും കഴിയും.

അപേക്ഷിക്കുന്നവിധം

എഴുതി തയ്യാറാക്കിയ അപേക്ഷയിൽ വളർത്തുനായയുടെ പ്രായം, നിറം, ഇനം തുടങ്ങിയവ രേഖപ്പെടുത്തണം. പത്തു രൂപയാണ് അപേക്ഷാഫീസ്.

ലൈസൻസുള്ള നായയെ പുറത്ത് അലഞ്ഞുതിരിയാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നൽകുന്നതിനൊപ്പം മൃഗത്തിന്റെ കഴുത്തിൽ കെട്ടി സൂക്ഷിക്കാനുള്ള മുദ്രണം ചെയ്ത ടോക്കൺ അനുവദിക്കും. ഓൺലൈൻ അപേക്ഷകർ https://citizen.isgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചശേഷം ഇ -സേവനങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ലൈസൻസുകളും അനുമതികളും വിഭാഗത്തിൽ പന്നികൾ, പട്ടികൾ - ലൈസൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം.

Advertisement
Advertisement