ഭരണഘടനാ പ്രതിസന്ധിക്ക് സാദ്ധ്യത, ഗവ‌ർണർ സർക്കാർ പോര് പരിധിവിട്ട് ഭരണക്കുരുക്കിലേക്ക്

Sunday 18 September 2022 12:32 AM IST

തിരുവനന്തപുരം: ഗവർണർ നിരന്തരം സർക്കാരിനും ഭരണനേതൃത്വത്തിനുമെതിരെ ആക്ഷേപങ്ങൾ ചൊരിയുമ്പോൾ മൗനം പാലിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് സി.പി.എം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യാക്രമണം തുടങ്ങിയതോടെ സംസ്ഥാനം അത്യപൂർവമായ രാഷ്ട്രീയാവസ്ഥയിലായി.

മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് ഇന്നലെ കടുത്ത ഭാഷയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ചുട്ടമറുപടി നൽകുകയും ചെയ്തതോടെ ഇരുകൂട്ടരും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് ഗവർണർ പറഞ്ഞത്. വിരട്ടാൻ നോക്കരുതെന്ന് എം.വി. ഗോവിന്ദൻ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ബില്ലുകളുടെ കാര്യത്തിൽ നിയമവശം ഉൾപ്പെടെ എല്ലാ വഴിയും തേടുമെന്ന സൂചനയും ഗോവിന്ദൻ നൽകി.

അതേസമയം, നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകളടക്കം വൈകിപ്പിച്ച് സർക്കാരിനെ വെട്ടിലാക്കാനുള്ള നീക്കങ്ങൾ ഗവർണർ നടത്തുന്നത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചേക്കും.

ഗവർണർക്ക് അപ്പപ്പോൾത്തന്നെ രാഷ്ട്രീയ മറുപടികൾ നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ച പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഗവർണർക്കെതിരെ തിരിഞ്ഞത്. എന്നാൽ, ഗവർണറുമായി തുറന്ന പോരിനില്ലെന്ന് തന്നെയാണിപ്പോഴും സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്.

വിദേശയാത്രയുടെ വിവരം ധരിപ്പിക്കാൻ മുഖ്യമന്ത്രി അടുത്തയാഴ്ച രാജ്ഭവനിലെത്തി ഗവർണറെ കണ്ടേക്കും. ഈ കൂടിക്കാഴ്ചയിൽ മഞ്ഞുരുകുമോയെന്ന് കണ്ടറിയണം. മഞ്ഞുരുകിയാൽ ബില്ലുകൾക്കും മോചനമായേക്കാം.

എന്തുകൊണ്ട് പ്രത്യാക്രമണം

1. ഗവർണർ നിരന്തരം ആക്ഷേപങ്ങൾ ചൊരിയുമ്പോൾ മിണ്ടാതിരിക്കുന്നത് പ്രതിപക്ഷം മുതലെടുക്കും. ലോക് സഭാ തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും

2. ഗവർണർ- മുഖ്യമന്ത്രി ഒത്തുതീർപ്പ് നാടകമെന്ന പ്രതിപക്ഷ ആരോപണത്തെ മറികടക്കാൻ പുതിയ രാഷ്ട്രീയനീക്കം സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ഗവർണർ ശരിയായ നിലപാടെടുത്താൽ പിന്തുണയ്ക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്

3. കണ്ണൂർ സർവകലാശാലയിൽ നേരത്തേയുണ്ടായ വിഷയത്തിൽ അന്നൊന്നും പ്രശ്നമുണ്ടാക്കാതിരുന്ന ഗവർണർ ഇപ്പോൾ പ്രകോപനപരമായി അതുയർത്തി വിവാദമാക്കുന്നതിന് പിന്നിലും രാഷ്ട്രീയം മാത്രമാണെന്ന് സി.പി.എം കണക്കുകൂട്ടുന്നു

4. ഗവർണർക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയത് ദേശീയതലത്തിലും ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ഗുണം ചെയ്യും. ബി.ജെ.പിയിതര സംസ്ഥാനസർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ബി.ജെ.പി തന്ത്രം തുറന്നുകാട്ടാം

ബില്ലുകൾക്ക് ഇരുതല മൂർച്ച

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ സർക്കാരിലേക്ക് തിരിച്ചയച്ചാൽ വീണ്ടും ആറ് മാസത്തിനകം സഭ സമ്മേളിച്ച് പാസാക്കി വിട്ടാൽ ഗവർണർ അംഗീകരിക്കേണ്ടി വരും. ഇതിന് ഗവർണർ അവസരം ഒരുക്കില്ല. എന്നാൽ,തടഞ്ഞുവച്ചോ, രാഷ്ട്രപതിക്ക് അയച്ചോ ഗവർണർക്ക് സർക്കാരിനെ വെട്ടിലാക്കാം. ഈ സാഹചര്യത്തെ നേരിടാനുള്ള വഴി ഭരണഘടനയിലില്ല. സർക്കാർ നേരിട്ട് പോകാതെ, വിഷയം സ്വകാര്യ അന്യായങ്ങളിലൂടെ കോടതിയിലെത്തിച്ചാൽ ഗവർണറുടെ പിടി അയയുമെന്ന് സി.പി.എം കരുതുന്നു.

Advertisement
Advertisement