കുടിശിക 2.5കോടി :, ക്രിക്കറ്റിന് മുമ്പ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

Sunday 18 September 2022 12:00 AM IST

തിരുവനന്തപുരം: ഇന്ത്യ,ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരം 28ന് നടക്കാനിരിക്കേ, 2.5കോടിരൂപയുടെ കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ)​ ബന്ധപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. സർക്കാർ ഇടപെടേണ്ടിവരുമെന്നാണ് സൂചന. അതേസമയം കെ.എസ്.ഇ.ബിയുടെ നടപടി മത്സരത്തെ ബാധിക്കില്ലെന്നും മത്സരദിവസം ജനറേറ്റർ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ വൈദ്യുതി ആശ്യങ്ങൾ നടത്തുന്നതെന്നും കെ.സി.എ ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ രണ്ടുവർഷത്തിലേറെയായുള്ള കുടിശികയാണ് 2.5കോടിരൂപ. കൊവിഡ് കാലത്ത് കെ.എസ്.ഇ.ബി ഇളവുകൾ നൽകിയിരുന്നെങ്കിലും പിന്നീട് പലതവണ റിമൈൻഡർ നോട്ടീസ് അയച്ചു. എന്നാൽ, സ്റ്റേഡിയം നടത്തിപ്പുകാരായ കാര്യവട്ടം സ്‌പോർട്സ് ഫെസിലിറ്റീസ് കമ്പനി പ്രതികരിച്ചില്ല. തുടർന്ന് രണ്ടുമാസം മുമ്പ് ഫ്യൂസൂരി. തുടർന്ന് കമ്പനി പ്രതിനിധികളെത്തി ഒത്തുതീർപ്പ് ചർച്ച നടത്തി തവണ വ്യവസ്ഥയിൽ ബിൽ കുടിശിക തീർക്കാമെന്ന് ഉറപ്പ് നൽകി രണ്ടുലക്ഷം രൂപ അടച്ച് റീകണക്ഷൻ നേടി.എന്നാൽ സെപ്തംബർ മൂന്നിന് ആദ്യഗഡുവായി 50ലക്ഷം അടയ്ക്കാമെന്ന ഉറപ്പ് കമ്പനി പാലിച്ചില്ല. തുടർന്നാണ് രണ്ടുദിവസം മുമ്പ് വീണ്ടും കെ.എസ്.ഇ.ബി ഫ്യൂസൂരിയത്.

മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസാണ് (ഐ.എൽ. ആൻഡ് എഫ്.എസ്) കാര്യവട്ടം സ്‌പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് (കെ.എസ്.എഫ്.എൽ) ഉപകമ്പനിക്കു കീഴിൽ കാര്യവട്ടം സ്റ്റേഡിയം എന്ന സ്‌പോർട്സ് ഹബ് നടത്തിവരുന്നത്. സ്റ്റേഡിയം നിൽക്കുന്ന സ്ഥലം കേരള സർവകലാശാലയുടേതാണ്. സംസ്ഥാന സർക്കാരിനും സ്റ്റേഡിയത്തിൽ പങ്കാളിത്തമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള 15 വർഷത്തെ പാട്ടക്കരാറുമുണ്ട്.

അതേസമയം സ്റ്റേഡിയം നടത്തിപ്പ് കമ്പനിയായ കാര്യവട്ടം സ്‌പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ഉടമകളായ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് 94,000 കോടിയിലേറെ കടബാദ്ധ്യതയിൽ മുങ്ങി പാപ്പരായ സ്ഥിതിയിലാണ്.കേന്ദ്രസർക്കാർ നിയമിച്ച ഒരു ബോർഡാണിപ്പോൾ കമ്പനി നിയന്ത്രിക്കുന്നത്. അവർ പുതിയ ബാദ്ധ്യതകൾ ഏറ്റെടുക്കാനുളള സാദ്ധ്യത കുറവാണ്.

2019ൽ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 മത്സരത്തിന്റെ സമയത്തും വൈദ്യുതിയുമായി ബന്ധപ്പെട്ടു സമാനമായ പ്രതിസന്ധി ഉണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇടപെട്ടാണ് അന്ന് സ്റ്റേഡിയം തയാറാക്കി എടുത്തത്. ഐ.എൽ ആൻഡ് എഫ്.എസിന്റെ തിരുവനന്തപുരത്തെ ഓഫീസ് ഇപ്പോൾ പൂർണരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണു ലഭിക്കുന്ന വിവരം.

മത്സരത്തിന് തടസ്സമാകില്ല

അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ വെളിച്ചവും വൈദ്യുതി ആവശ്യമുള്ള മറ്ര് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത്. അതിനാൽ തന്നെ കെ.എസ്.ഇ.ബി ഫീസ് ഊരിയത് ഇന്ത്യ -ദക്ഷിണാഫ്രിക്ക മത്സരത്തെ ബാധിക്കില്ലെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ സ്റ്രേഡിയത്തിലെ ഫീസ് ഊരിയത് മത്സരത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങൾക്ക് തിരിച്ചടിയാണ്. ജനറേറ്റർ ഉപയോഗിച്ചാണ് കെ.സി.എ ഇപ്പോൾ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.

ക്രിക്കറ്റ് മത്സരം തടസ്സപ്പെടുത്തണമെന്ന് ആഗ്രഹമില്ല. ബിൽ കുടിശിക അടയ്ക്കാമെന്ന ഉറപ്പ് ഉത്തരവാദിത്വപ്പെട്ടവർ നൽകിയാൽ റീകണക്ഷൻ നൽകാൻ ഒരുക്കമാണ്.എന്നാൽ ആരും സമീപിച്ചിട്ടില്ല

-കെ.എസ്.ഇ.ബി അധികൃതർ

Advertisement
Advertisement