പന്തലിടും പട്ടടയൊരുക്കും തോൽക്കില്ല,​ ഈ വീട്ടമ്മ

Sunday 18 September 2022 12:39 PM IST

പത്തനംതിട്ട: സംസ്കാരത്തിനുള്ള വിറകും മറ്റുമായി സജിനി മരണ വീട്ടിൽ പിക്ക് അപ് ഓടിച്ചെത്തുമ്പോൾ, പറ്റുന്ന പണി ചെയ്താൽ പോരേയെന്ന് പറഞ്ഞവർ നിരവധി.

പക്ഷേ, സംസ്കാരം നടത്താനും മറ്റു ചടങ്ങുകൾക്ക് പന്തലിടാനും ഇപ്പോൾ,

പത്തനംതിട്ട മാരൂർ നിവാസികൾക്ക് സജിനി മതി. കേരളകൗമുദിയുൾപ്പെടെ പത്രങ്ങളുടെ ഏജന്റുമാണ് ഈ മുപ്പത്തിയഞ്ചുകാരി.

ഭർത്താവ് രണജിത്ത് നാലു മാസം മുമ്പ് വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ തൊഴിൽ സജിനി ഏറ്റെടുത്തത്. ടി.ടി.സി പാസ്സായതിനാൽ ട്യൂഷനെടുത്ത് രണ്ടു മക്കളെ പോറ്റാമെന്ന് ആദ്യം ചിന്തിച്ചു. ഭർത്താവിന്റെ ജ്വാല ഫ്യൂണറൽ സർവീസും പന്തൽ സാധനങ്ങളും പിക്കപ് വാനും വെറുതേ കിടക്കുമ്പോൾ വരുമാന മാർഗ്ഗം വേറെ വേണ്ടെന്ന തീരുമാനത്തിൽ ഒടുവിലെത്തി. പിക്കപ് ഓടിക്കാൻ രണദേവ് പഠിപ്പിച്ച് ലൈസൻസുമെടുത്തിരുന്നു.

ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു. നിന്നെക്കൊണ്ട് പറ്റില്ലെന്നും വേറെ ആരെയെങ്കിലും ഏൽപ്പിക്കെന്നും ഉപദേശിച്ചു. പക്ഷേ,​ സജിനി പിൻമാറിയില്ല . സഹായത്തിനായി രണ്ട് തൊഴിലാളികളെ വച്ചു.

പുലർച്ചെ നാലിന് ഉണർന്ന് 200 വീടുകളിൽ പത്രം ഇടും. തിരികെയെത്തി കുട്ടികളെ സ്കൂളിൽ വിടാനുള്ള ഒരുക്കങ്ങൾ. ശേഷം പിക്ക് അപ് വാനിൽ സാധനങ്ങളും ജോലിക്കാരുമായി ആവശ്യക്കാർ വിളിച്ചിടത്തേക്ക്.

മൂത്ത മകൻ 9 വയസുകാരൻ ആയുഷ് ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലാണ്. രണ്ടാമൻ ആരവിന് 5 വയസ്.

ഭീഷണിയിൽ തളരാതെ

ഭർത്താവ് കൊല്ലപ്പെട്ട കേസ് ജില്ലാ കോടതിയിൽ നടക്കുകയാണ്. കേസിന്റെ പേരിൽ പ്രതികളുടെ ആൾക്കാരിൽ നിന്ന് ഭീഷണിയുണ്ട്. വെളുപ്പിന് പത്രമിടുന്നതിനിടെയും പിക്കപ്പിൽ ഒറ്റയ്ക്ക് വരുമ്പോഴും ഭീഷണിപ്പെടുത്തി. ഇതൊന്നും വകവയ്ക്കാതെ, ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്രയിലാണ് സജിനി. ഹെവി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. അതു കിട്ടിയാൽ, ലോണെടുത്ത് വലിയൊരു വാഹനം വാങ്ങണം. പന്തൽ സർവീസ് വിപുലപ്പെടുത്തണം.