വിഭാഗീയതയ്ക്കെതിരെ സി.പി.ഐ കേന്ദ്ര നേതൃത്വത്തിന് എറണാകുളത്തു നിന്ന് പരാതി

Sunday 18 September 2022 12:54 AM IST

കണ്ണൂർ : സംസ്ഥാന സമ്മേളനത്തിന് പത്തുദിവസം മാത്രം ശേഷിക്കെ, സി.പി.ഐയിൽ വീണ്ടും രൂക്ഷമായ വിഭാഗീയത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾക്കെതിരെ എറണാകുളത്തുനിന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ഒരു മുൻ ജില്ലാ സെക്രട്ടറിയാണ് നീക്കത്തിനു പിന്നിൽ. സംസ്ഥാന നേതാക്കൾ പങ്കെടുത്ത ഗ്രൂപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നൽകിയിട്ടുണ്ട്.

ആഗസ്റ്റ് 25 മുതൽ 28 വരെ നടന്ന എറണാകുളം ജില്ലാസമ്മേളനത്തിൽ പരസ്യമായി ഗ്രൂപ്പ് യോഗം വിളിച്ചു ചേർത്തിരുന്നു. ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയായിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥി സുഗതനെ അഞ്ച് വോട്ടിനാണ് ദിനകരൻ തോൽപ്പിച്ചത്.

കാനം അനുകൂലികളും മറുപക്ഷവും ഏറ്റുമുട്ടുന്നതാണ് മിക്ക ജില്ലാസമ്മേളനങ്ങളിലും കണ്ടത്. കാനത്തിന്റെയും അസി.സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പായതോടെയാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിഭാഗീയത ഒഴിവായത്. എതിർപക്ഷത്തെ മുൻനിരയിലുണ്ടായിരുന്ന പി.എസ്. സുപാൽ കാനത്തിന് അനുകൂലമായതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്. 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം.

സെക്രട്ടറി സ്ഥാനത്തേക്ക്

മത്സരം വരുമോ ?​

വിഭാഗീയത ശക്തമായതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മൂന്നാം തവണയും സെക്രട്ടറിയാവാൻ നീക്കം നടത്തുന്ന കാനം രാജേന്ദ്രനെതിരെ അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിനെ ഇറക്കാനൊരുങ്ങുകയാണ് എതിർ പക്ഷം. സമവായ സ്ഥാനാർത്ഥിയായി ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വത്തിനെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച് പരിചയമില്ലാത്തതാണ് ബിനോയിക്ക് തടസ്സം.

Advertisement
Advertisement