തെരുവുനായ പ്രശ്‌നം : തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണം

Sunday 18 September 2022 12:52 AM IST

പത്തനംതിട്ട : എ.ബി.സി കേന്ദ്രം, അഭയകേന്ദ്ര നിർമാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി ഉടൻ തയാറാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർദേശം നൽകി. എല്ലാ ബ്ലോക്കുകളിലും എ.ബി.സി കേന്ദ്രങ്ങൾ നിർമിക്കും. ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി പഞ്ചായത്തുകളിൽ അഭയ കേന്ദ്രങ്ങൾ നിർമിക്കണം. ശക്തമായ ബോധവത്ക്കരണ കാമ്പയിനുകൾ നടപ്പാക്കണം. ഈ മാസം 24 ന് മുമ്പ് ജനകീയ സമിതികൾ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കും. 30ന് മുമ്പ് വീടുകളിലെ വളർത്തു നായ്ക്കൾക്ക് വാക്‌സിനേഷൻ പൂർത്തീകരിക്കും. നായ്ക്കളെ പിടികൂടുന്നതിന് സർക്കാർ നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയാറുള്ളവർ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും മുഖേന ഈ മാസം 24ന് മുൻപ് അപേക്ഷ നൽകണം.

ലൈസൻസില്ലെങ്കിൽ നടപടി

ലൈസൻസില്ലാതെ നായ്ക്കളെ വീടുകളിൽ വളർത്തുന്നത് നിയമ വിരുദ്ധ പ്രവർത്തനമായി കണ്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കും.

തെരുവുനായ കൂടുന്നതിന് കാരണം മാലിന്യങ്ങൾ തെരുവുകളിൽ നിക്ഷേപിക്കുന്നതായതിനാൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

16,267 മൃഗങ്ങൾക്ക് വാക്‌സിൻ നൽകി

57 തെരുവുനായ്ക്കൾ ഉൾപ്പെടെ ജില്ലയിൽ 16,267 മൃഗങ്ങൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നതാണ് തെരുവ് നായ്ക്കൾ കൂടുന്നതിന് കാരണം. ഈ പ്രവണത മാറ്റുന്നതിനായാണ് വളർത്തു നായ്ക്കൾക്ക് വാക്‌സിൻ എടുത്തശേഷം ലൈസൻസ് എടുക്കാനും നിർദേശം നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വളർത്തുനായ്ക്കൾക്ക് വീടുകളിലും പെറ്റ് ഷോപ്പുകളിലും ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം.
സർക്കാർ ഉത്തരവ് പ്രകാരം തീവ്ര വാക്‌സിനേഷൻ പദ്ധതി, അഭയകേന്ദ്രം, ശുചിത്വ യജ്ഞം, ഐ.ഇ.സി ക്യാമ്പുകൾ എന്നിവ ജില്ലയിൽ നടത്തും.

നായ ആക്രമണം കുട്ടികളിൽ കൂടുതലായതിനാൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

ഡോ. ദിവ്യ എസ്. അയ്യർ

(ജില്ലാകളക്ടർ )

കമ്മിറ്റി രൂപീകരിച്ചു

ജില്ലയിൽ ഹോട്ട്‌സ്‌പോട്ട് നിർണയിക്കുന്നതിനായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കോ ചെയർമാനും തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പ് മേധാവികൾ അടങ്ങുന്നതാണ് കമ്മിറ്റി.

Advertisement
Advertisement