ജില്ലയിൽ എ.ബി.സി പദ്ധതിക്ക് തുടക്കം തെരുവുനായ്ക്കൾക്ക് ഇനി കുര്യോട്ടുമലയിൽ അഭയം

Sunday 18 September 2022 2:13 AM IST

കൊല്ലം: തെരുവ് നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിക്ക് ജില്ലയിൽ തുടക്കം. കൊട്ടിയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ വന്ധ്യംകരണം നടക്കും. ജില്ലയിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് കുര്യോട്ടുമലയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ അനമിൽ ഷെൽട്ടർ ഒരുക്കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കുരിയോട്ടുമലയിലുള്ള ഗവ. ഹൈടെക് ഡയറിഫാമിലുള്ള ഒന്നര ഏക്കറിൽ ഫാം ടൂറിസത്തിന് തടസം വരാത്ത രീതിയിലാണ് ഷെൽട്ടർഹോം ആരംഭിക്കുക.

വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് നല്കുന്ന മാസ് ഡ്രൈവ്, തെരുവ് നായ്ക്കൾക്ക് സ്പോട്ട് വാക്സിനേഷൻ, ജനന നിയന്ത്രണ ശസ്ത്രക്രിയ ക്യാമ്പുകൾ, അലഞ്ഞു തിരിയുന്ന നായ്ക്കൾക്കുള്ള അഭയകേന്ദ്രം എന്നിവയാണ് എ.ബി.സി പദ്ധതിയുടെ പ്രധാന ഘടകങ്ങൾ

തെരുവിൽ പ്രസവിച്ചു വീഴുന്ന നായ് കുട്ടികളെ അവിടെ തന്നെ ഉടൻ വസ്യംകരിക്കുന്ന രക്തരഹിത പ്രക്രിയയായ എൻഡ് ഇതോടൊപ്പം നടക്കും. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. അരുമ പ്രേമികൾക്കായി മികച്ച നായ്ക്കുട്ടികളെ ദത്തെടുത്തു വളർത്താനുള്ള അവസരം കൂടി പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സദാനന്ദൻ പിള്ള അദ്ധ്യക്ഷ്യത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു എ.ബി.സി കേന്ദ്രം താക്കോൽ കൈമാറി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജിലാസ്റ്റ്, എ.ബി സി കോ- ഓർഡിനേറ്റർ ഡോ.ഡി.ഷൈൻ കമാർ, ഡെപ്യുട്ടി ഡയറക്ടർമാരായ എസ്. പ്രിയ, സി.പി.അനന്തകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഡോ.കെ.മോഹനൻ, ഡോ.എ.എൽ അജിത് എന്നിവർ സംസാരിച്ചു. ഡോഗ് ഹാൻഡ്ലർമാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു.

സീറോ റാബീസ് കമ്പയിൻ

ജില്ലയിലെ 82,000 ഓളം വരുന്ന വളർത്തുനായ്ക്കൾക്കും 28,000 ഓളം വരുന്ന പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവെയ്പു നൽകി ലൈസൻസസ് നല്കുന്ന സീറോ റാബിസ് കാമ്പയിൻ ആരംഭിച്ചു. ഇതിനായി ഒരു ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചിട്ടുണ്ട് ഈമാസം 20 വരെ നീളുന്ന മാസ് വാക്സിനേഷൻ ക്യാമ്പുകൾക്കാണ് വകുപ്പ് നേതൃത്വം നല്കുന്നത് ഗവ മൃഗാശുപത്രികൾ കേന്ദ്രീകരിച്ചും വാർഡുതല കേന്ദ്രങ്ങളൊരുക്കിയുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.

12 ശസ്ത്രക്രിയ കേന്ദ്രങ്ങൾ

എബിസി പദ്ധതിയ്ക്കായി 12 ശസ്ത്രക്രിയ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട് പുനുക്കന്നുർ ,കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, കുഴിമതിക്കാട്, ശാസ്താംകോട്ട, പത്തനാപുരം, പന്മന ,ചിറക്കര, വെഞ്ചേമ്പ്, ചിതറ, കടയ്ക്കൽ, തേവലപ്പുറം, കൊല്ലം വെറ്റ് ക്രോസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് ആദ്യഘട്ട എ.ബി.സി കേന്ദ്രങ്ങൾ. 8 വെറ്ററിനറി സർജൻമാർ 32 ഡോഗ് ഹാൻഡലർമാർ എന്നിവരെ ഇതിനായി നിയമിച്ചു.

19 ഹോട്ട് സ്പോട്ടുകൾ

തെരുവ് നായ് ആക്രമണം കൂടുതലുള്ള 19 ഹോട്ട് സ്പോട്ടുകൾ ജില്ലയിലുണ്ട് ഇവിടെ നിന്നും മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും.

ഷെൽട്ടർ ഒരുമാസത്തിനകം (ബോക്സ്)

ഈ മാസം തന്നെ കുര്യോട്ടുമലയിൽ ഷെൽട്ടർ ഹോം നി‌ർമ്മാണം ആരംഭിക്കും. വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ട നായകളെയാണ് ഇവിടെ സംരക്ഷിക്കുക. ഇവയ്ക്കാവശ്യമായ ഭക്ഷണവും ഉറപ്പു വരുത്തും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തിയിട്ടും 32 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് പദ്ധതി ഏറ്റെടുത്തത്. ആയതിനാൽ ജില്ലാ പഞ്ചായത്ത് മതിയായ തുക വകയിരുത്തിയിട്ടും ജില്ലയിൽ എ.ബി.സി. പദ്ധതി പൂർണ്ണമായും ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ സാധിച്ചില്ല. ഡോഗ് ഹാൻഡ്‌ലേഴ്‌സിനും സർജറി ചെയ്യുന്ന ഡോക്ടർമാർക്കുമുള്ള വേതനം ജില്ലാപഞ്ചായത്ത് നൽകും. സർജറിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമപഞ്ചായത്താണ് ഏർപ്പെടുത്തേണ്ടത്.

Advertisement
Advertisement