കാത്തുനിന്നവർ പോലും കണ്ടില്ല കയറിപ്പോകുന്നത് !പ്രവർത്തകരെ കബളിപ്പിച്ച് ചടുലമായ നീക്കത്തിലൂടെ തന്ത്രം പുറത്തെടുത്ത് രാഹുൽ ഗാന്ധിയുടെ സുരക്ഷാഭടൻമാർ

Sunday 18 September 2022 9:34 AM IST

കായംകുളം: വഴിയൊരുക്കി കാത്തുനിന്ന പ്രവർത്തകരെ കബളിപ്പിച്ച് രാഹുൽ ഗാന്ധിയെ സുരക്ഷാഭടൻമാർ മറ്റൊരു ഭാഗത്തുകൂടി അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയതോടെ പ്രവർത്തകരും സംഘാടകരും തമ്മിൽ വാക്കേറ്റം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ജി.ഡി.എം ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു സംഭവം. കായംകുളം റസ്റ്റ് ഹൗസിൽ നിന്നു രാഹുൽ ഓഡിറ്റോറിയത്തിലേക്ക് വരുന്നത് കാണാൻ പ്രധാന വാതിലിന് മുന്നിൽ വഴിയൊരുക്കി ഇരു വശവുമായി പ്രവർത്തകർ കാത്തുനിന്നു.

തിരക്ക് വർദ്ധിച്ചതോടെ സുരക്ഷാ ഭടൻമാർ ചടുലമായ നീക്കത്തിലൂടെ മറ്റൊരു ചെറിയ വഴിയിൽക്കൂടി രാഹുൽ ഗാന്ധിയെ അകത്തേക്ക് കയറ്റുകയായിരുന്നു. പ്രായമായവരും സത്രീകളും കുട്ടികളും അടക്കം നിരവധി പേർ രാഹുലിനെ കാണാൻ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു.

രാഹുൽ മറ്റൊരു വഴിയിലൂടെ പോയെന്ന് അറിഞ്ഞതോടെ ഇവർ നേതാക്കളെ ശകാരിച്ച ശേഷം ഇവർ മടങ്ങി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി സംവദിക്കാനാണ് രാഹുൽ എത്തിയത്. ഓഡിറ്റോറയത്തിലേക്ക് മറ്റുള്ളവരെ കടത്തിവിട്ടില്ല.