സിൽവർ ലൈൻ ചർച്ച ചെയ്‌തില്ല, കേരളം ഉന്നയിച്ച നിലമ്പൂർ- നഞ്ചങ്കോട് അടക്കം പ്രധാന റെയിൽവേ പദ്ധതികൾ തള‌ളി കർണാടക സർ‌ക്കാർ

Sunday 18 September 2022 1:44 PM IST

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വിവിധ വികസന വിഷയങ്ങളിൽ കൂടിക്കാഴ്‌ച നടത്തി. മലപ്പുറം-മൈസൂരു ദേശീയപാതയ്‌ക്ക് ധാരണയായെങ്കിലും കേരളത്തിന്റെ പ്രധാന വികസന പദ്ധതിയായ സിൽവർലൈൻ ചർച്ച ചെയ്‌തില്ല. കേരളം പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി കൈമാറിയിട്ടില്ലാത്തതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാത്തത്. അതേസമയം കേരളത്തിന് വളരെയധികം ഗുണ ചെയ്യുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയടക്കം മൂന്ന് റെയിൽവെ പദ്ധതികൾ കർണാടകം തള‌ളി. പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവ തള‌ളിയത്.

നിലമ്പൂർ-നഞ്ചൻകോട് പാത, കാസർകോട്-ദക്ഷിണ കന്നഡ, തലശേരി-മൈസൂരു പദ്ധതികൾ കർണാടകം തള‌ളി. ഇവ സ്വീകാര്യമല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അതേസമയം തെക്കൻ കർണാടകയുമായി വടക്കൻ കേരളത്തെ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ റെയിൽവെ ലെയ്‌ൻ പദ്ധതി സർക്കാർ പരിശോധിക്കുമെന്നും സാമ്പത്തികസഹായം ഗൗരവമായി പരിഗണിക്കുമെന്നും ബസവരാജ് ബൊമ്മൈ അറിയിച്ചു.

ദേശീയ പാത 766ലെ രാത്രികാല യാത്രാനിയന്ത്രണത്തിന് ബദൽ സംവിധാനമായി മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയും അലൈൻമെന്റ് നടപ്പാക്കാൻ കേരളവും കർണാടകവും സംയുക്തമായി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

രാവിലെ 9.30ന് ബംഗളൂരുവിൽ കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്‌ണ'യിലാണ് കേരള-കർണാടക മുഖ്യമന്ത്രിമാർ കൂടിക്കാഴ്‌ച നടത്തിയത്. യോഗശേഷം സിപിഎം പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുക്കാൻ കർണാടകയിലെ ബാഗെപള‌ളിയിലേക്ക് മുഖ്യമന്ത്രി തിരിച്ചു.