ഒറ്റവർഷം കൊണ്ട് വൻ വിജയമായി 'മിൽക്ക് ബാങ്ക്'

Monday 19 September 2022 12:23 AM IST

കോഴിക്കോട്: ആരംഭിച്ച് ഒരു വർഷം കൊണ്ട് തന്നെ വൻ വിജയമായ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിലെ മിൽക്ക് ബാങ്ക്. കുഞ്ഞുങ്ങൾക്ക് ഏറെ സഹായകരമായ പദ്ധതി വിജയമായതോടെ കോഴിക്കോടിനെ മാതൃകയാക്കി മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും മിൽക്ക് ബാങ്ക് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേരളത്തിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് കോഴിക്കോട് മെഡിക്കൽ കോളേജും എസ്.എ.ടി. ആശുപത്രിയും. എസ്.എ.ടിയിലും, തൃശൂർ മെഡിക്കൽ കോളേജിലും മിൽക്ക് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകും.

കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ മിൽക്ക് ബാങ്കിൽ നിന്ന് ഇതുവരെ 1813 കുഞ്ഞുങ്ങൾക്കാണ് ഇതിലൂടെ മുലപ്പാൽ നൽകാനായത്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തത്. 1,26,225 എം.എൽ മുലപ്പാൽ ശേഖരിച്ചു. 1,16,315 എംഎൽ മുലപ്പാൽ വിതരണം ചെയ്തു. 1370 എംഎൽ കൂടി വിതരണം ചെയ്യാൻ തയ്യാറായി.

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മിൽക്ക് ബാങ്ക് സജ്ജമാക്കിയത്.

സുരക്ഷിതമായി, സ്നേഹത്തോടെ

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിംഗുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കൾ. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്കും മുലപ്പാൽ ദാനം ചെയ്യാം.

നാലോ അഞ്ചോ പേരിൽ നിന്ന് ശേഖരിച്ച പാൽ ഒന്നിച്ച് ചേർത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്ടീരിയകളുടെ സാന്നിദ്ധ്യമില്ല എന്നുറപ്പിക്കാനുള്ള കൾച്ചർ പരിശോധനകളും നടത്തും. ഫ്രീസറിനുളളിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. മിൽക്ക് ബാങ്ക് മൊഡ്യൂൾ നിയോക്രാഡിൽ പോർട്ടലിൽ ലഭ്യമാക്കി. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലെ മിൽക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement