ഗവർണർക്കെതിരെ നടന്ന വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ: വി. മുരളീധരൻ

Monday 19 September 2022 12:51 AM IST

മട്ടന്നൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന വധശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കണ്ണൂർ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124-ാം വകുപ്പനുസരിച്ച് 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അന്നുണ്ടായത്. എന്നാൽ കണ്ണൂരിൽ ഉണ്ടായ സംഭവത്തിൽ വർഷങ്ങളായിട്ടും കേസെടുത്തിട്ടില്ല. നടപടികൾ ഉണ്ടാകാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന് ഗവർണർ പറയുമ്പോൾ അതിന് മറുപടി ഇല്ലാത്തതുകൊണ്ടാണ് ഗവർണ‌‌ർക്കെതിരെ അപ്രസക്തമായ ആരോപണം ഉന്നയിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. ഗവർണറും മോഹൻഭാഗവതും തമ്മിലുള്ള കൂടിക്കാഴ്ചയെ അദ്ദേഹം അനുകൂലിച്ചു.

പല നേതാക്കന്മാരെയും മത മേധാവികളെയും ഗവർണർ അങ്ങോട്ടുപോയി കാണാറുണ്ട്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിലപാട് എടുക്കുന്നതിനാലാണ് ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടാകുന്നതെന്നും മുരളീധരൻ പറഞ്ഞു.