റോസി ഗാരന്റി; തെരുവുനായ കുഞ്ഞുങ്ങളെ വന്ധ്യംകരിച്ച് ഓമനയാക്കാം

Monday 19 September 2022 12:06 AM IST

തൃശൂർ:ഇത് റോസി. തെരുവ് നായകൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ നായക്കുഞ്ഞുങ്ങളെ വന്ധ്യംകരിച്ച് ഇണക്കി വളർത്തുന്ന ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) പദ്ധതിയുടെ ജീവസാക്ഷ്യം.

തെരുവിൽ വളരേണ്ടിയിരുന്ന നായയാണവൾ. പന്ത്രണ്ട് വർഷമായി വെറ്ററിനറി സർവകലാശാലയുടെ കൊക്കാലെ മൃഗാശുപത്രിയിലെ പൊന്നോമന. തെരുവിൽ വളർന്നിരുന്നെങ്കിൽ ഇക്കാലത്തിനിടയിൽ അവളുടെ സന്തതി പരമ്പരയിൽ നൂറുകണക്കിന് നായകൾ തെരുവിൽ വാഴുമായിരുന്നു. നിലവിലുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്ക് ഒപ്പം എൻഡ് നടപ്പാക്കിയാൽ നായകൾ പെരുകുന്നത് അഞ്ച് വർഷത്തിനകം നിയന്ത്രിക്കാമെന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ ഡീൻ ഡോ.എം.കെ.നാരായണൻ പറയുന്നു. നായക്കുട്ടികളായതിനാൽ ശസ്ത്രക്രിയയും പരിചരണവും ഫലപ്രദമാണ്. ചെലവ് തുച്ഛം.

നിലച്ചുപോയ എൻഡ്

വിദേശത്തെ പോലെ,വന്ധ്യംകരിച്ച നായ്ക്കുട്ടികളെ ദത്ത് നൽകുന്ന 'എൻഡ്' പദ്ധതി ഡോ.എം.കെ.നാരായണൻ 2010ലാണ് നടപ്പാക്കിയത്. എട്ട് മുതൽ 12 ആഴ്ച വരെ പ്രായമുള്ള നായ്ക്കുട്ടികളെ വന്ധ്യംകരിച്ച് ആവശ്യക്കാർക്ക് നൽകി. ഇത്തരം അൻപതോളം നായ്‌കുഞ്ഞുങ്ങൾ വീടുകളിൽ വളർന്നു. പക്ഷേ പദ്ധതി ഏറ്റെടുക്കാൻ സർക്കാർ തയ്യാറായില്ല.

കൊക്കാലെ ആശുപത്രിയിലാണ് പദ്ധതി തുടങ്ങുന്നത്. വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് നടത്തിയ കുഞ്ഞുങ്ങളെ പലരും ദത്തെടുത്തു. ഒന്നു മാത്രം ശേഷിച്ചു. ആശുപത്രി പരിസരത്തായിരുന്നു അവളുടെ ജീവിതം. ജീവനക്കാർ ഭക്ഷണം നൽകി 'റോസി' എന്ന് വിളിച്ചു. അവൾ വളർന്നു. ചങ്ങല പോലുമില്ലായിരുന്നു. രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് കൂട്ടായി. എപ്പോഴും ആശുപത്രി മുറ്റത്തുണ്ടാകും. തൃശൂർ പൂരത്തിന് വെടിക്കെട്ട് നടക്കുമ്പോൾ മാത്രം വാൽചുരുട്ടി പതുങ്ങും.

റോസിയെ തെരുവിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ പന്ത്രണ്ടു വർഷങ്ങളിൽ വർഷത്തിൽ രണ്ട് തവണ വീതം 6 മുതൽ 8 വരെ കുട്ടികളെ പ്രസവിക്കുമായിരുന്നു. നൂറുകണക്കിന് നായക്കുട്ടികൾക്ക് റോസിയും അതിന്റെ പെൺമക്കളും ജന്മം നൽകുമായിരുന്നു.

ഡോ.എം.കെ.നാരായണൻ

ഡീൻ, കോളേജ് ഒഫ് വെറ്ററിനറി

ആൻഡ് അനിമൽ സയൻസ്, പൂക്കോട്.

Advertisement
Advertisement