തുറമുഖ നിർമ്മാണം ഉപേക്ഷിച്ച് അദാനി നാടുവിടും: പ്രശാന്ത് ഭൂഷൺ
വിഴിഞ്ഞം: തുറമുഖ നിർമ്മാണം ഉപേക്ഷിച്ച് അദാനി നാടുവിടുമെന്നും അനുകൂലമായ തീരുമാനം സർക്കാരെടുക്കുമെന്നും സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി സംഘടിപ്പിച്ച ജനബോധന യാത്രയ്‌ക്ക് സമാപനം കുറിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖം കവാടത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരശോഷണവും മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും താൻ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ സമ്പത്ത് വർദ്ധിച്ചതിന് മുഖ്യകാരണം മോദി സർക്കാർ ആണെങ്കിലും സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് കേരളത്തിലെ ഇടതുപക്ഷ സർക്കാരെടുക്കുന്നുവെന്നത് ലജ്ജിപ്പിക്കുന്നതാണ്. ഒന്നിച്ചുനിൽക്കുകയും പോരാടുകയും ചെയ്‌താൽ സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ അദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ യൂജിൻ എച്ച്. പെരേര, ഡോ. എം. സൂസപാക്യം, ജോസഫ് ജൂഡ്, ഡോ. ലോറൻസ് കുലാസ് തുടങ്ങിയവർ സംസാരിച്ചു.
സിൽവർ ലൈൻ കേരളത്തിന് ദുരന്തമാവും: പ്രശാന്ത് ഭൂഷൺ
തിരുവനന്തപുരം: സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സിൽവർലൈൻ കേരളത്തിന് ദുരന്തമാവുമെന്ന് പ്രശാന്ത് ഭൂഷൺ. സംസ്ഥാനത്തെയാകെ ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നത് പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ്. സിൽവർ ലൈനിന്റെ ഡി.പി.ആർ അഴിമതികൾ നിറഞ്ഞതാണ്. സ്റ്റാൻഡേഡ് ഗേജിൽ പാത പണിയുന്നതിന് ഒരു ലക്ഷം കോടിയാണ് ചെലവ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ പോകുന്ന റെയിൽവേ ലൈനിനാണ് ഇത്ര തുക വേണ്ടി വരുന്നത്. ജപ്പാനിൽ നിന്നടക്കം വായ്പയിലൂടെ പണം കണ്ടെത്തുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം പലിശയാണെങ്കിൽ പോലും പ്രതിവർഷ തിരിച്ചടവ് പലിശമാത്രം 5000 കോടി ആയിരിക്കും. ടിക്കറ്റ് ചാർജ് അത്രമാത്രം ഉയർത്തിയാലേ തിരിച്ചടവിനുള്ള തുക കണ്ടെത്താനാവൂ. എത്ര ആളുകൾ ഈ ഉയർന്ന നിരക്കിൽ യാത്ര ചെയ്യുമെന്നതും ചോദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.