പത്രാധിപരെ സ്മരിച്ച് പത്തനംതിട്ട. കുത്തകകൾ മാദ്ധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു : ആന്റോ ആന്റണി എം.പി

Monday 19 September 2022 12:36 AM IST

പത്തനംതിട്ട : വൻകിട കുത്തകകൾ മാദ്ധ്യമങ്ങളെ വിലയ്ക്കെടുക്കുകയാണെന്നും മാദ്ധ്യമങ്ങൾ ഭരണകൂടങ്ങളുടെ സ്തുതി പാടകരാവരുതെന്നും ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രാധിപർ കെ.സുകുമാരനെ പോലുള്ള അമൂല്യമായ വ്യക്തിത്വങ്ങളുടെ കുറവാണ് ഇപ്പോൾ മാദ്ധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളി.

സത്യസന്ധമായ നിലപാടും ആരുടെ മുമ്പിലും തലകുനിക്കാതെ അഭിപ്രായങ്ങൾ ആരാഞ്ഞ പത്രാധിപരുടെ പ്രൗഢമായ ചരിത്രം കേരള ജനതയെ മുന്നോട്ട് നയിച്ചിരുന്നുവെന്നത് തമസ്ക്കരിക്കാനാകാത്ത കാര്യമാണ്. എതിരഭിപ്രായങ്ങളെ മാന്യതയോടെ സമീപിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പത്രാധിപർ മറ്റ് മാദ്ധ്യമങ്ങൾക്കും മാതൃകയായി.

ജാതി മത വ്യത്യാസമില്ലാതെ പൊതുസമൂഹം അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചിരുന്നു. ഭരണാധികാരികൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പത്രാധിപരോട് ആലോചിക്കുമായിരുന്നു. ചിന്തകനും നല്ല പ്രാസംഗികനുമായിരുന്നു പത്രാധിപരെന്ന് ആന്റോ ആന്റണി പറഞ്ഞു.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്കാരവും ക്യാഷ് അവാർഡും തിരുവല്ല ലേഖകൻ അജിത് കാമ്പിശേരിക്ക് ആന്റോ ആന്റണി സമ്മാനിച്ചു.

കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറി ഡി.അനിൽകമാർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ, അടൂർ യൂണിയൻ കൺവീനറും റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററുമായ അഡ്വ.മണ്ണടി മോഹൻ, യോഗം അസി.സെക്രട്ടറിമാരായ ടി.പി.സുന്ദരേശൻ, പി.എസ്.വിജയൻ, ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ സംസാരിച്ചു. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ സ്വാഗതവും ചീഫ് റിപ്പോർട്ടർ എം.ബിജുമോഹൻ കൃതജ്ഞതയും പറഞ്ഞു.

പത്തനംതിട്ട ടൗൺ 86ാം നമ്പർ ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ എസ്.സജിനാഥ്, കെ.എസ്.സുരേശൻ, ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ്.യോശോധരപ്പണിക്കർ, പത്തനംതിട്ട യൂണിയൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എൻ.സുരേഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി.പ്രസന്നകുമാർ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ, സി.പി.ഐ പത്തനംതിട്ട ലോക്കൽ സെക്രട്ടറി ഹരിദാസ്, പൊതുപ്രവർത്തകൻ ജോസ് പളളിവാതുക്കൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement