ഉപേക്ഷിക്കും,​ 12 ലക്ഷം കൊവിഡ് കേസ്, കൈയേറ്റക്കേസുകൾ തുടരും

Sunday 18 September 2022 11:40 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത 12 ലക്ഷത്തിലേറെ കേസുകളിൽ ബഹുഭൂരിപക്ഷവും പിൻവലിക്കും.

കേസുകളുടെ ബാഹുല്യം കാരണം കോടതികളിലുണ്ടാവുന്ന തിരക്കും സമയനഷ്ടവും പൊലീസിന്റെ അമിത ജോലിഭാരവുംകൂടി കണക്കിലെടുത്താണിത്. അന്തിമ തീരുമാനമെടുക്കാൻ ഈ മാസം 29ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓരോ കേസും പരിശോധിച്ച് പിൻവലിക്കാവുന്ന കേസുകളുടെ വിവരം നൽകാൻ ഡി.ജി.പി ജില്ല പൊലീസ് മേധാവികൾക്കു നിർദ്ദേശം നൽകി.

മാസ്ക്ക് ധരിക്കാത്തതിനും ക്വാറന്റൈൻ ലംഘിച്ചതിനും മറ്റും 500 രൂപ മുതൽ 25,000രൂപവരെ പിഴയീടാക്കാവുന്ന പെറ്റിക്കേസുകളാണ് രജിസ്റ്റർ ചെയ്തവയിൽ കൂടുതലും. ഇവയെല്ലാം പിൻവലിക്കും.

നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. പിടിയിലായപ്പോൾ ചിലർ തുക അടച്ച് തലയൂരിയെങ്കിലും പിഴ ഒടുക്കാത്തവരായിരുന്നു അധികവും.വ്യാജവിലാസം നൽകി തടിതപ്പിയ വിരുതൻമാരുമുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 35 കോടിയിലധികം രൂപയാണ് പിഴ ചുമത്തിയത്. പിഴ മിക്കവരും അടച്ചിട്ടില്ല. പിഴയടക്കാത്തവർക്കും ഗൗരവമായ കുറ്റകൃത്യത്തിലുൾപ്പെട്ടവർക്കും എതിരെയാണ് പൊലീസ് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പലതിലും അന്വേഷണം തുടരുകയാണ്.

കൊവിഡ് റിപ്പോർട്ട് ചെയ്ത 2020 മാർച്ച് മുതൽ 2022 മാർച്ച് 19 വരെ 12,​27,​065 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി പ്രതിരോധ നിയമപ്രകാരമായിരുന്നു കേസുകൾ.

കോടതികളിൽ കേസുകൾ പെരുകിയ സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രവും നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് കേസുകൾ പിൻവലിക്കാനുള്ള നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി,​ ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ഡി.ജി.പി എന്നിവർ പങ്കെടുക്കും.

ഈ കേസുകൾ തുടരും

# കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും കൈയേറ്റം ചെയ്യുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കില്ല.

# നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന് ആൾക്കൂട്ടമുണ്ടാക്കിയതിനും പൊതു ചടങ്ങുകളും ജാഥകളും നടത്തിയതിനും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അക്രമം കാട്ടിയതിനും ചുമത്തിയ കേസുകളും തുടരും.

12.27 ലക്ഷം കേസുകൾ

(2020 മാർച്ച് മുതൽ 2022 മാർച്ച് 19 വരെ)​

മൊത്തം കേസുകൾ...........................12,​27,​065

ചുമത്തിയ പിഴ.................................... 35 കോടി

മാസ്ക് ധരിക്കാത്ത കേസ്.................4,​23,​735

ക്വാറന്റൈൻ ലംഘനക്കേസ്..............14,​981

അറസ്റ്റിലായവർ..................................5,​46,​579

പിടിച്ചെടുത്ത വാഹനങ്ങൾ......... 5,​36,​911

Advertisement
Advertisement